എന്തുകൊണ്ട് 2000 രൂപാ നോട്ട് പിന്‍വലിക്കുന്നു? മറുപടി പറഞ്ഞ് റിസര്‍വ് ബാങ്ക്

ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് ആര്‍ബിഐ ഇന്നലെ അറിയിച്ചത് ജനങ്ങളില്‍ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. പല പ്രത്യേകതകളുമുണ്ടെന്ന് വ്യാപകമായി പ്രചാരണമുണ്ടായിരുന്നെങ്കിലും വെറും ഏഴ് വര്‍ഷം കൊണ്ട് 2000 രൂപ നോട്ടുകള്‍ വിടപറയുകയാണ്. ഇത്തരമൊരു തീരുമാനത്തിലേക്ക് എന്തുകൊണ്ട് എത്തി എന്ന ചോദ്യത്തിന് റിസര്‍വ് ബാങ്ക് ഇപ്പോള്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്.മികച്ച നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ നയമാണ് ക്ലീന്‍ നോട്ട് നയം. 2016ല്‍ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതെന്ന് ആര്‍ബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകള്‍ രംഗപ്രവേശം ചെയ്തത്.ഇപ്പോള്‍ കറന്‍സിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ 500,200 നോട്ടുകള്‍ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ജനങ്ങളുടെ കൈവശമുള്ളതില്‍ ഭൂരിഭാഗവും 2017 മാര്‍ച്ചിന് മുന്‍പ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ചു. ഇത്തരമൊരു പശ്ചാത്തലത്തില്‍ 2000 രൂപാ നോട്ടുകള്‍ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂര്‍ത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിന്‍വലിക്കുന്നതെന്ന് ആര്‍ബിഐ വിശദീകരിക്കുന്നു.