മിഷൻ അരിക്കൊമ്പൻ 2.0 ആരംഭിച്ചു

മിഷൻ അരിക്കൊമ്പൻ 2.0 ആരംഭിച്ചു. കമ്പം ടൗണിൽ ഭീതിവിതച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. തമിഴ്നാട് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ആണ് ദൗത്യം നിർവഹിക്കുക.

ഇതിനായി കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വെക്കുക. അരിക്കൊമ്പന്‍റെ ഭീഷണി തുടരുന്ന പശ്ചാത്തലത്തിൽ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നൽകുക. മയക്കു വെടി വെച്ചശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി. അരിക്കൊമ്പൻ നിൽക്കുന്ന കൃത്യമായ സ്ഥലം ലോക്കറ്റ് ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി ഭീതി പരത്തുകയും ഓട്ടോറിക്ഷ തകർക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ആനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്ന് തമിഴ്നാട് വനംവകുപ്പ് വിലയിരുത്തി.