നാലംഗ സംഘത്തിന്റെ വെട്ടേറ്റ് 2 പേര്‍ക്ക് പരുക്ക്

മുന്‍പ് മര്‍ദിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ നാലംഗസംഘം മംഗലപുരം തോന്നയ്ക്കല്‍ ഭൂദാന കോളനി ഷാനിഫാ മന്‍സിലില്‍ നിന്നും അണ്ടൂര്‍ക്കോണം കുന്നുകാട് ഫിറോസ് മന്‍സിലില്‍ താമസിക്കുന്ന എസ്. ഷാനവാസ് ( 29 ), സുഹൃത്ത് മഞ്ഞമല അറഫ മന്‍സിലില്‍ അല്‍സാജ് (29 ) എന്നിവരെ വാളു കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഷാനവാസിന്റെ സുഹൃത്ത് സാജിദ് ഓടി രക്ഷപ്പെട്ടു.

സംഭവത്തില്‍ പള്ളിപ്പുറം കരിച്ചാറ അല്‍അമീന്‍ മന്‍സിലില്‍ എ.അല്‍ അമീന്‍ (21), തോന്നയ്ക്കല്‍ ബ്ലൂമൗണ്ട് സ്‌കൂളിനു സമീപം കുഴിത്തോപ്പില്‍ വീട്ടില്‍ പി. പ്രവീണ്‍ (28), തോന്നയ്ക്കല്‍ ഭൂദാന കോളനി സുജിന്‍ ഭവനില്‍ എസ്. സുജിന്‍ (28), സഹോദരന്‍ സുബിന്‍ (29)എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. ബുധന്‍ വൈകിട്ട് 3.30ന് ഭൂദാന കോളനിയില്‍ കളിമണ്‍ ഖനന കമ്പനിക്കു സമീപത്താണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അല്‍അമീന്‍ കൈവശം കരുതിയിരുന്ന വാളു കൊണ്ട് അല്‍സാജിനെ ആക്രമിച്ചു .

തുടര്‍ന്ന് ഷാനവാസിനെയും ആക്രമിച്ചു. ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മംഗലപുരം എസ്എച്ച്ഒ സിജു കെ. എല്‍ നായര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ഡി.ജെ സാലു, എഎസ്‌ഐമാരായ നിസാം, അനുരൂപ്, സിപിഒമാരായ സന്തോഷ്, ജിജിന്‍, മനു, ജയശങ്കര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ സംഭവ ദിവസം തന്നെ പിടികൂടിയത്. അല്‍അമീന് മംഗലപുരം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തു.