തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: ഒമ്പത് ജില്ലകളിലെ 19 തദ്ദേശ ഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് എൽഡിഎഫിന് വിജയം. എട്ടിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. എൽഡിഎഫും യുഡിഎഫും നാല് സീറ്റുകൾ വീതം പിടിച്ചെടുത്തു. പാലക്കാട് പെരിങ്ങോട്ടുകുറിശിയിൽ കോൺഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ പിന്തുണയുള്ള സ്ഥാനാർഥി വിജയിച്ചു. രണ്ടിടത്ത് ഇടതു പിന്തുണയുള്ള സ്വതന്ത്രർ ജയിച്ചത് അടക്കം കൂട്ടിയാൽ ഒൻപത്തിടത്ത് എൽഡിഎഫ് വിജയം. എട്ടിടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. പാലക്കാട്പെരിങ്ങോട്ടുകുർശ്ശി പഞ്ചായത്തിലെ എട്ടാം വാർഡിൽ, കോൺഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ പിന്തുണയോടെ മത്സരിച്ച ആർ ഭാനുരേഖ 417 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവിടെ യുഡിഎഫിന് സ്ഥാനാർഥി ഉണ്ടായിരുന്നില്ല.

കോട്ടയം മുൻസിപ്പാലിറ്റിയിലെ പുത്തൻതോടു വാർഡ് വാശിയേറിയ മത്സരത്തിൽ യുഡി എഫ് നിലനിർത്തി. 75 വോട്ടുകൾക്കാണ് യു ഡി എഫിന്റെ സൂസൻ കെ സേവിയർ ജയിച്ചത്. ഇവിടെ പരാജയപ്പെട്ടിരുന്നു എങ്കിൽ യുഡിഎഫ് ഭരണത്തിനുതന്നെ ഭീഷണി ആകുമായിരുന്നു. കോട്ടയം പൂഞ്ഞാർ പഞ്ചായത്ത് പെരുന്നിലത്ത് വാർഡ് ജനപക്ഷത്ത് നിന്നും സിപിഎം പിടിച്ചെടുത്തു. എൽഡിഎഫ്ബി സ്ഥാനാർഥി ബിന്ദു അശോകൻ 12 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി പിന്തുണയോടെ മൽസരിച്ച ജനപക്ഷം ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.കൊല്ലം അഞ്ചൽ പഞ്ചായത്തിലെ തഴമേൽ പതിനാലാം വാർഡ് ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി സിറ്റിങ് സീറ്റ് എൽ.ഡി.എഫ്
പിടിച്ചെടുത്തു. സിപിഐയിലെ ജി. സോമരാജൻ 264 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എണാകുളം നെല്ലിക്കുഴി പഞ്ചായത്തിൽ ആറാം വാർഡ് ബി.ജെ.പിയിൽ നിന്ന് സി.പി.എം പിടിച്ചെടുത്തു. LDF സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് ആണ് വിജയിച്ചത്.
 
പാലക്കാട്‌ ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കല്ലമലയിൽ ബിജെപി സ്ഥാനാർഥി ശോഭന 92 വോട്ടിനു വിജയിച്ചു. സിപിഐയുടെ സീറ്റ്‌ ആണ് ബിജെപി പിടിച്ചെടുത്തത്. പത്തനംതിട്ട മൈലപ്ര പഞ്ചായത്ത്‌ അഞ്ചാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ജെസ്സി വർഗീസ് ആണ് 78 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. ആകെയുള്ള 13 സീറ്റിൽ എൽഡിഎഫ് ആര് , യുഡിഎഫ് ആര് , ബിജെപി ഒന്ന് എന്ന കക്ഷിനില ആയതോടെ ഭരണം തുലാസിലായി.

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡ് എൽഡിഎഫ് വാർഡ് നിലനിർത്തി. സി പി എമ്മിന്റെ അജിത് രവീന്ദ്രൻ വിജയിച്ചു. കണ്ണൂർ കോര്പറേഷൻ പള്ളിപ്രം ഡിവിഷൻ യുഡിഫ് നിലനിർത്തി. മുസ്ലിം ലീഗിലെ എ ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോഴിക്കോട് പുതുപ്പാടി കനലാഡ് വാർഡിൽ എൽഡിഎഫിന് അട്ടിമറി ജയം. സിപിഎമ്മിന്റെ അജിത മനോജ് ആണ് വിജയിച്ചത്. കണ്ണൂർ ചെറുതാഴം പഞ്ചായത്ത് 16ാം വാർഡ് യുഡിഎഫ് എൽഡിഎഫിൽ നിന്ന്പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി യു.രാമചന്ദ്രൻ 80 വോട്ടിനു വിജയിച്ചു.