ശബരിമല നട തുറന്നു, മെയ് 19 വരെ ദർശനം നടത്താം

പത്തനംതിട്ട: ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകർന്നു.

തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മേൽശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിച്ച് ഭക്തർക്ക് മഞ്ഞൾപ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇടവം ഒന്നായ മെയ് 15 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.