പ്ലാസ്റ്റിക് ക്യാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്നു, 18കാരിക്ക് ദാരുണാന്ത്യം

തുംകുരു: പെട്രോള്‍ പമ്പില്‍ ഇരുചക്രവാഹനത്തിലിരുന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ 18കാരിക്ക് ദാരുണാന്ത്യം. കര്‍ണാടക ബെംഗളുരുവിലെ തുംകുരുവിലാണ് സംഭവം. ബുധനാഴ്ചയായിരുന്നു സംഭവം. 46കാരിയായ അമ്മയ്ക്കൊപ്പം പെട്രോള്‍ പമ്പില്‍ എത്തിയതായിരുന്നു യുവതി. സിര താലൂക്കിലെ ജാവനഹള്ളി സ്വദേശിയായ ഭവ്യയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. മോപ്പെഡിലാണ് ഇരുവരും പമ്പിലേക്ക് എത്തിയത്. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ക്യാനില്‍ പെട്രോള്‍ വാങ്ങുന്നതിനിടെയാണ് ഭവ്യ മൊബൈല്‍ ഫോണില്‍ സംസാരിക്കാനാരംഭിച്ചത്. 

ഇതിനിടയില്‍ പെട്രോള്‍ നിറച്ചുകൊണ്ടിരുന്ന ക്യാനിലേക്ക് തീ പടരുകയായിരുന്നു. ദേഹത്തേക്ക് തീ കയറിപിടിച്ചതോടെ ഭവ്യയും മാതാവ് രത്നമ്മയും പെട്രോള്‍ നിറച്ചു കൊണ്ടിരുന്ന പമ്പ് ജീവനക്കാരനും ചിതറിയോടുകയായിരുന്നു. പെട്രോള്‍ നിറച്ചുകൊണ്ടിരുന്ന ഫ്യുവല്‍ ഗണ്ണിനും പ്ലാസ്റ്റിക് ക്യാനിലെ പെട്രോളും നിന്ന് കത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് അഗ്നിബാധയ്ക്ക് കാരണമായിരിക്കാമെന്ന നിരീക്ഷണത്തിലാണ് പൊലീസ് ഉള്ളത്. പൊള്ളലേറ്റ ഭവ്യയേയും രത്നമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഭവ്യ മരണപ്പെടുകയായിരുന്നു. ബെംഗളുരുവിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച ഭവ്യ മരിച്ചത്. സംഭവത്തില്‍ ബാടവനഹള്ളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍ ക്യാനില്‍ നിന്ന് തീ പടര്‍ന്ന ഭവ്യ ശരീരത്ത് തീ പടര്‍ന്ന് ഓടുന്നതും ഇടയ്ക്ക് കയ്യിലുണ്ടായിരുന്ന കത്തിക്കൊണ്ടിരുന്ന ഫോണ്‍ വലിച്ചെറിയുന്നതും ശരീരത്തില്‍ തീ പടര്‍ന്ന് റോഡ് സൈഡില്‍ വീഴുന്നതും തീ അണയ്ക്കാന്‍ പമ്പ് ജീവനക്കാര്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മോപ്പെഡില്‍ വച്ച ക്യാനിലേക്ക് പെട്രോള്‍ നിറയ്ക്കുന്നതിനിടെ പെട്ടന്നാണ് തീ പടര്‍ന്നത്. സീറ്റിലിരുന്നതിനാല്‍ പെട്ടന്ന് ഇറങ്ങി ഓടാനാവാതെ വന്നതും ഓടുന്നതിനിടയില്‍ ക്യാനിലെ പെട്രോള്‍ ദേഹത്തേക്ക് വീഴുകയും ചെയ്തതാണ് ഭവ്യയുടെ പൊള്ളല്‍ ഗുരുതരമാക്കിയതെന്നാണ് സൂചന.