പൊന്നാനി :22 പേരുടെ മരണത്തിൽ കലാശിച്ച ബോട്ടിനു റജിസ്ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസോ ഇല്ല. സർവേ നടപടികൾ പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഫയൽ നമ്പർ റജിസ്ട്രേഷൻ നമ്പറായി എഴുതിച്ചേർത്ത് ബോട്ട് ഉടമ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നു തെളിഞ്ഞു. ഉദ്യോഗസ്ഥർ ഇതിനു കൂട്ടുനിന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മാർച്ച് 23നു കുസാറ്റ് ഷിപ് ടെക്നോളജി വിഭാഗം ബോട്ടിനു സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകി. പിന്നാലെ ആലപ്പുഴ പോർട്ട് ചീഫ് സർവേയറുടെ പരിശോധനയ്ക്കുശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലഭിച്ചു. എന്നാൽ, തുറമുഖ വകുപ്പിന്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപ് ഏപ്രിൽ 22നു സർവീസ് തുടങ്ങി. ഇതിന്റെ 16–ാം ദിവസമാണു ദുരന്തം സംഭവിച്ചത്. ബോട്ടിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാനാണു സാധ്യത.
വീഴ്ചകൾ ഒന്നല്ല, പലത്
1. ബോട്ടുടമ നാസർ നേരത്തേ ഇതേ സ്ഥലത്ത് ബോട്ട് സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ പൊന്നാനി കോസ്റ്റൽ പൊലീസ് റിപ്പോർട്ട് നൽകി.
2. അനധികൃത സർവീസ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികളും മറ്റ് ഉല്ലാസ ബോട്ട് നടത്തിപ്പുകാരും പലതവണ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതി നൽകി. നടപടിയുണ്ടായില്ല.
3. ബോട്ടപകട സാധ്യതയുണ്ടെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഫെബ്രുവരിയിൽ മുന്നറിയിപ്പു നൽകിയതും അവഗണിക്കപ്പെട്ടു.
4. പല ബോട്ടുകളും അനുമതിയില്ലാതെയാണ് സർവീസ് നടത്തുന്നതെന്നു ജില്ലാ വികസനസമിതി യോഗത്തിൽ പി.അബ്ദുൽ ഹമീദ് എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു.
5. ഉല്ലാസ ബോട്ടുകളുടെ നിയമലംഘനങ്ങളിൽ നടപടിയെടുക്കേണ്ടത് തുറമുഖ വകുപ്പാണ്. പല തവണ മുന്നറിയിപ്പു ലഭിച്ചിട്ടും ഒന്നും ചെയ്തില്ല.