വലിയതുറ സ്വദേശിയായ പതിനഞ്ചുകാരന്‍റെ അമ്മ തന്നെയാണ് മകന്‍റെ ശല്യം മൂലം പൊലീസിനെ വിളിച്ച് വരുത്തി മകനെ ജുവനൈല്‍ ഹോമിലാക്കണമെന്ന് അപേക്ഷിച്ചത്. അമ്മ മജിസ്ട്രേറ്റായ എ അനീസയോട് സംസാരിക്കുമ്പോഴായിരുന്നു പതിനഞ്ചുകാരന്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച കത്തിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്. പൊലീസുകാര്‍ ബഹളം കേട്ടെത്തി കുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പതിനഞ്ചുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. അക്രമ സംഭവത്തേക്കുറിച്ച് മജിസ്ട്രേറ്റ് രേഖാമൂലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വഴി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അടുത്തിടെയായി ചെറുപ്രായക്കാരിലെ ലഹരി ഉപയോഗവും വില്‍പനയും വര്‍ധിപ്പിക്കുന്നുവെന്ന് വിശദമാക്കുന്നതാണ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള അറസ്റ്റുകളില്‍ നിന്ന് വ്യക്തമാവുന്നത്. ഇന്നലെ ഡോ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതി പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദുരമല്ലെന്ന് പരാമര്‍ശിച്ചിരുന്നു. സംവിധാനങ്ങളിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി വിമര്‍ശനം നടത്തിയത്.