15 ലക്ഷം ഇനി വേണ്ട, സർക്കാർ ഒപ്പമുണ്ട്; അതിനൂതന സർജറി നടത്തി തിരു. മെഡിക്കൽ കോളജ്, 15കാരി സുഖം പ്രാപിക്കുന്നു

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ചു. എസ് എം എ ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി വേണ്ട സംവിധാനമൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഇക്കഴിഞ്ഞ ജനുവരിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തത്. സര്‍ജറിക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.എസ് എം എ ബാധിച്ച് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനി പതിനാല് വയസുകാരിയാണ് വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ നട്ടെല്ലിലെ കശേരുക്കളില്‍ ടൈറ്റാനിയം നിര്‍മിത റോഡുകളുള്‍പ്പെടെയുള്ളവ ഘടിപ്പിച്ച് നട്ടെല്ലിലെ വളവ് നേരെയാക്കി. പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലേയും അനസ്‌തേഷ്യ വിഭാഗത്തിലേയും നഴ്‌സിംഗ് വിഭാഗത്തിലേയും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. എസ് എം എ ബാധിച്ച കുട്ടികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളേജിലും യാഥാര്‍ത്ഥ്യമാക്കിയത്.എസ് എം എ രോഗികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ഈ സര്‍ക്കാര്‍ എസ് എം എ ക്ലിനിക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ആരംഭിച്ചു. എസ് എ ടി ആശുപത്രിയെ കേന്ദ്ര സര്‍ക്കാര്‍ അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് എസ് എം എ ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്ക് പുതിയ സംവിധാനം വരുന്നത്.