കൊല്ലം നിലമേൽ സ്വദേശിയായ 12 വയസ്സുകാരൻ്റെ മുങ്ങിമരണം കൊലപാതകമെന്ന് പൊലീസ്.

കൊല്ലം നിലമേൽ സ്വദേശിയായ 12 വയസ്സുകാരൻ്റെ മുങ്ങിമരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ 14കാരനായ വിദ്യാർഥി തമിഴ്നാട്ടിൽ അറസ്റ്റിലായി. ഒരു വർഷത്തിന് മുൻപാണ് നിലമേൽ പാങ്ങൂട് പുത്തൻവീട്ടിൽ നജീബ്-സുജിത ദമ്പതിമാരുടെ മകൻ ആദിൽ മുഹമ്മ(12)ദിനെ നാഗർകോവിലിൽ ഭൂതപ്പാണ്ടിക്കുസമീപം തിട്ടുവിളയിൽവെച്ച്‌ കുളത്തിൽവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവീട്ടിൽ സന്ദർശനത്തിനെത്തിയ കുട്ടിയെ കളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മരണത്തിൽ അന്ന് തന്നെ കുടുംബം ദുരൂഹതയാരോപിച്ചിരുന്നു. പിന്നാലെ തമിഴ്നാട് സർക്കാരിന് കീഴിൽ സിബിസിഐഡി അന്വേഷണം നടത്തുകയും പ്രായപൂർത്തിയാകാത്ത കുട്ടിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പെരുന്നാൾ ആഘോഷിക്കുന്നതിനായി അമ്മയുടെ തിട്ടുവിളയിലെ കുടുംബവീട്ടിൽ എത്തിയതായിരുന്നു മരിച്ച ആദിൽ. സമീപത്ത് കളിക്കുന്നതിനിടെ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തിരച്ചിലിൽ 2022 മേയ് ആറിന് ഉച്ചയോടെയാണ് ആദിലിനെ സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുട്ടിയുടെ മരണത്തിൽ അന്ന് തന്നെ മാതാപിതാക്കളും കുടുംബവും ദുരൂഹതയാരോപിച്ചിരുന്നു. പിന്നാലെ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നാഗർകോവിലിലെത്തി സമരവും നടത്തി. പിന്നാലെയാണ് പിന്നാലെ തമിഴ്നാട് സർക്കാരിന് കീഴിൽ സിബിസിഐഡി അന്വേഷണം പ്രഖ്യാപിച്ചത്.

കുറ്റമറ്റ രീതിയിലായിരുന്നു സിബിസിഐഡിയുടെ അന്വേഷണം. സംഭവദിവസം ആദിൽ മുഹമ്മദ് വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ടീഷർട്ട് ധരിച്ചിരുന്നു. എന്നാൽ, മൃതദേഹത്തിൽ ടീഷർട്ട് ഇല്ലായിരുന്നു എന്നുള്ളതായിരുന്നു കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ സിസിടിവി കേന്ദ്രീകരിച്ചു അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ ആദിൽ മുഹമ്മദിനൊപ്പം പോയ കുട്ടികളെയും ചോദ്യംചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് കൊലപാതകിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ആദിലിൻ്റെ കൂട്ടുകാരനായ 14-കാരൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഒരുമിച്ച്‌ കുളത്തിലിറങ്ങിയപ്പോൾ പതിനാലുകാരൻ ആദിലിനെ ഉപദ്രവിക്കുകയായിരുന്നു. ആക്രമണത്തിനിടെ ആദിൽ കുളത്തിൻ്റെ ആഴമുള്ള ഭാഗത്തുവീണ്‌ മുങ്ങിത്താഴ്‌ന്നു. ഇത് കണ്ട് ഭയന്ന പതിനാലുകാരൻ ഈ സമയം ആദിലിനെ കുളത്തിൽ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു എന്നും സിബിസിഐഡി വ്യക്തമാക്കുന്നു. സിബിസിഐഡി ഡിഎസ്︋പി ശങ്കറിൻ്റെ നേതൃത്വത്തിലാണ് പ്രമാദമായ ഈ കേസിൻ്റെ അന്വേഷണം നടന്നതും പ്രതിയെ പിടികൂടിയതും.