നിലവില്‍ ഈടാക്കുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി ഈടാക്കുമ്പോള്‍ 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ നാളെ മുതല്‍ നല്‍കേണ്ടത്. യൂണിറ്റിന് നാല്‍പ്പത്തിനാല് പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി കൂട്ടാവുന്ന തുക പത്തുപൈസയായി കുറച്ച പശ്ചാത്തലത്തിലാണ് ഇത്രയും കുറഞ്ഞ വര്‍ധന. നിലവില്‍ ഈടാക്കുന്ന ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം വന്നതിന് പിന്നാലെയാണ് ഒരു മാസത്തേക്ക് പത്ത് പൈസ കൂടി കൂട്ടാന്‍ കെഎസ്ഇബിയും തീരുമാനം എടുത്തത്.കഴിഞ്ഞ ജൂലൈ മുതല്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിനാണ് ഉപഭോക്താക്കളില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീന്‍ താരിഫ് നല്‍കുന്നവരെയും പത്ത് പൈസ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കെ എസ് ഇ ബി സമര്‍പ്പിച്ച താരിഫ് നിര്‍ദേശങ്ങളില്‍ റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ വൈദ്യുതി നിരക്ക് ജൂലൈ മാസം കൂടിയേക്കും. അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരിക്കുന്നത്.