അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഒ.ബി.എം ഹൈടെക് സർവീസ് സെന്റർ യാഥാർത്ഥ്യമായി.

തിരുവനന്തപുരം അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ ഒ.ബി.എം ഹൈടെക് സർവീസ് സെന്റർ യാഥാർത്ഥ്യമായി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സ്യഫെഡ് ഒ.ബി.എം ഹൈടെക് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധനയാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ആരംഭിച്ച ഒ.ബി.എം സർവീസ് സെന്റർ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യബന്ധനത്തിനുള്ള ഔട്ട്‌ബോർഡ് എഞ്ചിനുകൾ, സ്‌പെയർ പാർട്ട്‌സുകൾ, അവയിൽ ഉപയോഗിക്കുന്ന 2T ഓയിലുകൾ, ഇൻസുലേറ്റഡ് ബോക്‌സുകൾ, ക്രറ്റ്‌സുകൾ, ജീവൻ രക്ഷാഉപകരണങ്ങൾ എന്നിവ നേരിട്ട് കമ്പനികളിൽ നിന്നും വാങ്ങി മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനുള്ള മത്സ്യഫെഡിന്റെ വിഭാഗമാണ് ഒ.ബി.എം ഡിവിഷൻ. തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെയും കേരളത്തിൽ പത്താമത്തെയും സർവ്വീസ് സെന്ററാണ് അഞ്ചുതെങ്ങിൽ തുറന്നത്. ആധുനിക രീതിയിലുള്ള അതിവേഗ പവർ ക്‌ളീനിംഗ്, ക്രാങ്ക് സെറ്റിംഗ്, പുതിയ എഞ്ചിനുകളുടെ ഫ്രീ സർവീസിംഗ്, ഗിയർ ബോക്‌സ് സെറ്റിംഗ്, കാർബൊറേറ്റർ ക്‌ളീനിംഗ്, കേബിൾ വർക്ക് തുടങ്ങിയ സർവീസുകളും മത്സ്യഫെഡ് നേരിട്ട് ഇറക്കുമതി ചെയ്ത സുസുക്കി, യമഹാ എഞ്ചിനുകളുടെ ഒറിജിനൽ സ്‌പെയർ പാർട്‌സുകളും മിതമായ നിരക്കിൽ ഒ.ബി.എം ഹൈടെക് സർവീസ് സെന്ററിൽ ലഭ്യമാണ്. 

അഞ്ചുതെങ്ങ് മൽസ്യഫെഡ് ഒ.ബി.എം.സർവ്വീസ് സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, മത്സ്യഫെഡ് ചെയർമാൻ റ്റി.മനോഹരൻ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഇർഷാദ് എം.എസ് എന്നിവരും പങ്കെടുത്തു.