പിന്നില്‍ നിന്ന് കഴുത്ത് മുറുക്കി കുളത്തിലെറിഞ്ഞു? ടിപ്പർ ലോറി ഡ്രൈവർ സജിയുടെ മരണത്തിലെ ദുരൂഹത മാറുന്നില്ല

കുറ്റിയാണി: തിരുവനന്തപുരം കുറ്റിയാണിയിലെ ടിപ്പർ ലോറി ഡ്രൈവർ സജിയുടെ മരണത്തിലെ ദുരൂഹത രണ്ട് വർഷമായിട്ടും മാറുന്നില്ല. വീടിന് സമീപത്തെ കുളത്തിലായിരുന്നു സജി മരിച്ചു കിടന്നത്. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു, അന്വേഷണം അയൽവാസിയായ ഒരു ബന്ധുവിലേക്കെത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ തെളിവുകളില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.മൃതദേഹം കിടന്ന കുളത്തിന് അമ്പത് മീററർ അകലെ മാറിയാണ് സജിയുടെ വീട്. ഈ വീട്ടിൽ നിന്നും നോക്കിയാൽ സജി മരിച്ചുകിടന്ന കുളം കാണം. കുന്നിടിച്ച പ്രദേശത്ത് സജിയും അയൽവാസികളും കൃഷി ചെയ്യുന്നുണ്ട്. കൃഷി ആവശ്യത്തിനായാണ് ഈ കുളം കുഴിച്ചത്. കൃഷി സ്ഥലത്തിന് സമീപം മൂന്നു സെൻറ സ്ഥലം സജി വാങ്ങി ഒരു ഷെഡ് കെട്ടിയിട്ടിരുന്നു. മരണം നടക്കുന്ന ദിവസം ഒന്നരയോടെ ഈ ഷെഡിലേക്ക് ഇറങ്ങി വന്നതാണ് സജി. നാലു മണിക്ക് ഭാര്യ ഷെഡിൽ വന്നു നോക്കിയെങ്കിലും സജിയെ കാണ്ടില്ല. റേഡിയോ അപ്പോഴും ഓണാക്കി വച്ചിരുന്നു. ഈ സ്ഥലത്ത് കൃഷി ചെയ്തിരുന്ന അയൽവാസിയായ ഒരാള്‍ ഇവിടെ നിന്നും ഇറങ്ങി പോകുന്നത് സജിയുടെ ഭാര്യ കണ്ടിരുന്നു. മറ്റെവിടെങ്കിലും പോയതാകുമെന്ന കരുതി ഭാര്യ തിരികെ വീട്ടിലേക്ക് പോയി. രാത്രിയും കാണാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കുളത്തിൽ മൃതദേഹം കാണ്ടെത്തുന്നത്. ഹൃദയാഘാതമെന്നാണ് ആദ്യം ബന്ധുക്കള്‍ കരുതിയത്. എന്നാല്‍ പോസ്റ്റുമോർട്ടത്തിലാണ് കഴുത്തിലുണ്ടായ ബല പ്രയോഗമാണ് മരണകാരണമെന്ന് വ്യക്തമായത്. സജിയുടെ ശരീരത്തിനുള്ളിൽ വെള്ളമെത്തിയിട്ടില്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിലേക്ക് തള്ളുകയായിരുന്നുവെന്നാണ് നിഗമനം. അയൽവാസികളറിയാതെ മറ്റാരും കടന്നുവരാൻ സാധ്യതയില്ലാത്ത സ്ഥലത്ത് വച്ച് ബലിഷ്ഠനായ സജിയെ അങ്ങനെ പെട്ടന്നാർക്കും കീഴ്പ്പെടുത്താനും കഴിയില്ല. പിന്നിൽ നിന്നും കഴുത്തുമുറുക്കിയാരോ കുളത്തിൽ തള്ളിയെന്നാണ് സംശയം. കേസിന്‍റെ തുടക്കം മുതൽ അയൽവാസിയെയായിരുന്നു ബന്ധുക്കള്‍ക്ക് സംശയം. സജി ഭൂമിവാങ്ങിയതിലും തർക്കമുണ്ടായിരുന്നു. രണ്ടു വ‍ർഷമായി വട്ടപ്പാറ പൊലീസും നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമെല്ലാം ഇരുട്ടിൽതപ്പുകയാണ്.