പള്ളിക്കൽ മൂതല സർക്കാർ ആയുർവേദ ആശുപത്രി പ്രവർത്തനം ആരംഭിച്ചു.

പള്ളിക്കൽ: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും ഈ വർഷം മുതൽ റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പള്ളിക്കൽ മൂതലയിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വർക്കല പ്രകൃതി ചികിത്സ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പള്ളിക്കൽ സിഎച്ച്സിയിൽ ഡോക്ടർമാരുടെ സേവനം വൈകിട്ട് ആറുമണി വരെ ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.വി.ജോയി എംഎൽഎ അധ്യക്ഷനായി.

പള്ളിക്കൽ പഞ്ചായത്ത് 20 ലക്ഷം രൂപ മുതൽമുടക്കിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിവരെ ഡോക്ടറുടെ സേവനം ലഭ്യമാകും. ഫാർമസി, മരുന്ന് നിർമാണത്തിനുള്ള മുറി, ഒ.പി മുറി, പരിശോധന മുറി, സ്റ്റോർ റൂം എന്നിവയാണ് കെട്ടിടത്തിലുള്ളത്.

ആശുപത്രി പ്രവർത്തനസജ്ജമായതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്. പണസമാഹരണത്തിലൂടെ നാട്ടുകാർ ആശുപത്രി നിർമിക്കുന്നതിനായി 21 സെന്റ് പുരയിടം വാങ്ങി നൽകി. സ്‌കൂൾകുട്ടികളടക്കം ഇതിനായി സംഭാവനകൾ നൽകി.  

കായകല്പ അവാർഡിന് പള്ളിക്കൽ സിഎച്ച്സിയെ അർഹമാക്കിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മെഡിക്കൽ ഓഫീസർ ജയകുമാർ വെള്ളനാടിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ചടങ്ങിൽ ഭാരതിയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ എസ് പ്രിയ, ഡോ പി ആർ സജി, ഡോ ജി വി ഷീബാ മേ ബ്ലറ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, ടി ബേബി സുധ, ഡോ കെ എസ് ഷൈജു, എം മാധവൻ കുട്ടി, എ നിഹാസ് , അഫ്സൽ, ആർ രമ്യ , എസ് ഷിബ, എസ് എസ് ബിജു , സജീബ് ഹാഷിം, അടുക്കൂർ ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന സ്വാഗതവും ഡോ. ഡി ഈന നന്ദിയും പറഞ്ഞു.