വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസന ചരിത്രം മാറ്റിയെഴുതും: കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരക്കുഗതാഗത നീക്കത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്‌സിന്റെയും സെക്യൂരിറ്റി ബില്‍ഡിംഗിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഡച്ച് പടയോട്ടത്തെ പ്രതിരോധിച്ച സമര ചരിത്രപാരമ്പര്യം തിരുവിതാംകൂര്‍ രാജവംശത്തിന് അവകാശപ്പെട്ടതാണ്. ഡച്ചുകാരെ തോല്‍പ്പിക്കുന്നതില്‍ വിഴിഞ്ഞത്തിനും കുളച്ചല്‍ അടക്കമുള്ള പ്രദേശങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്വാധീനമുണ്ടായിരുന്നു. പരമ്പരാഗതമായി നാവിക സേന മുന്നേറ്റത്തിന്റെ കഥയാണ് വിഴിഞ്ഞത്തിന് പറയാനുള്ളത്. ഇവിടെ ഇപ്പോള്‍ വികസിപ്പിക്കുന്ന രാജ്യന്തര നിലവാരത്തിലുള്ള തുറമുഖം നാടിന്റെ പതിറ്റാണ്ടുകളായിട്ടുള്ള സ്വപ്നമാണ്. സംസ്ഥാന തുറമുഖ വകുപ്പ് കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ സ്വപ്നം നമുക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് അടുപ്പിക്കുവാന്‍ സാധിക്കുന്നതെന്നും ബാലഗാേപാൽ പറഞ്ഞു.