ശമ്പളം കിട്ടിയില്ല; ജോലി ഏര്‍പ്പാടാക്കിയ സുഹൃത്തിനു മര്‍ദനം

ശമ്പളം കിട്ടാത്തതിന്, ജോലി ഏര്‍പ്പാടാക്കിയ സുഹൃത്തിനെ മര്‍ദിച്ച കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. തിരുവനന്തപുരത്ത് ആയുര്‍വേദ സ്പായില്‍ ജോലി ചെയ്തിരുന്ന കോയമ്പത്തൂര്‍ സ്വദേശിനിയായ പൂര്‍ണിമയും സുഹൃത്ത് അജിനുമാണ് അറസ്റ്റിലായത്. മര്‍ദനമേറ്റ ആറ്റിങ്ങല്‍ സ്വദേശി അനൂപിന് കോവളത്തുവച്ച് രക്ഷപ്പെടുകയായിരുന്നു.

വഞ്ചിയൂരിലുള്ള ആയുര്‍വേദ സ്പായില്‍ ജോലി ചെയ്തിരുന്നു പൂര്‍ണിമയാണ് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ജോലി ഏര്‍പ്പാടാക്കി നല്‍കിയ യുവാവിനെ മര്‍ദിച്ചത്. യുവതി സുഹൃത്തുക്കളുടെ സഹായത്തോടെ മര്‍ദനമേറ്റ അനൂപിനെ പ്രതികളിലൊരാളുടെ തെന്നൂര്‍ക്കോണത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ അനൂപിന്റെയും യുവതിയുടെയും സുഹൃത്താണ്.

സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അനൂപിനെ നഗ്‌നനാക്കി മര്‍ദിച്ച ശേഷം മോതിരവും രണ്ടു ഫോണുകളും എടിഎം കാര്‍ഡ് അടങ്ങിയ പഴ്‌സും പണവും, വാച്ചും മോഷ്ടിക്കുകയും ചെയ്തവെന്നാണ് പരാതി.കന്യാകുമാരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദിച്ചു. കോവളത്തുവച്ച് മര്‍ദിക്കുന്നതിനിടെ യുവാവ് പൊലീസിന്റെ അടുത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയോട് ഒപ്പമുള്ള സുഹൃത്തുക്കള്‍ കടന്നുകളഞ്ഞു. പൂര്‍ണിമ കോവളത്തുവച്ചു തന്നെ പൊലീസ് പിടിയിലായി. ഇന്നലെ വിഴിഞ്ഞത്തു നിന്നാണ് അജിനെ പിടികൂടിയത്. രണ്ടു പ്രതികളെ കൂടി അറസ്റ്റു ചെയ്യാനുണ്ട്.