സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന്‍ ചന്തകള്‍ ഇന്നു ആരംഭിക്കും

തിരുവനന്തപുരം: സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന്‍ ചന്തകള്‍ ഇന്നു ആരംഭിക്കും. ഇന്നു മുതല്‍ ഈ മാസം 21 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.

വിഷുവിനും റംസാനും സ്‌പെഷല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റു സാധനങ്ങള്‍ എന്നിവ 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ മേളകളില്‍ വില്‍പ്പന നടത്തും. അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങള്‍ക്കും ശബരി ഇനങ്ങള്‍ക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും.

സപ്ലൈകോ വിഷു- റംസാന്‍ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂരില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഉത്സവസീസണുകളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സ്‌പെഷല്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.