സ്‌കോൾ കേരള ആസ്ഥാന മന്ദിരം കിള്ളിപ്പാലത്ത്ശിലാസ്ഥാപനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോൾ കേരള ആസ്ഥാന മന്ദിരത്തിന്റെയും തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന്റെയും ശിലാസ്ഥാപനം കിള്ളിപ്പാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ ഏജൻസികൾക്കും പ്രവർത്തിക്കാൻ സ്വന്തം കെട്ടിടമെന്നതാണ് സർക്കാർ ലക്ഷ്യമെന്നും തുടർവിദ്യാഭ്യാസ രംഗത്ത് കൂടുതൽ സാധ്യതകൾ സൃഷ്ടിക്കാൻ സ്‌കോൾ കേരളയെ സജ്ജമാക്കണമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കോഴ്‌സുകൾ തുടങ്ങുന്നതിനൊപ്പം കാര്യക്ഷമമായ ഭരണനിർവഹണം നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

ആധുനിക സൗകര്യങ്ങളോടു കൂടി അഞ്ച് നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. സ്‌കോൾ കേരളയുടെ തനത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ആസ്ഥാന മന്ദിരത്തിനായി പതിനൊന്ന് കോടി നാൽപത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 21, 380 ചതുരശ്രയടി വിസ്തീർണത്തിലാണ് സ്‌കോൾ കേരളക്കുള്ള ആസ്ഥാന മന്ദിരവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയവും പണിയുന്നത്. രണ്ട് വർഷത്തിനകം നിർമാണം പൂർത്തിയാക്കും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ കൃഷ്ണകുമാർ.എസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കൃഷ്ണ കുമാർ. സി. സി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.