'നിറവി'ന്റെ മികവിൽ ആനാട് ഗ്രാമപഞ്ചായത്ത്*

ആനാട് ഗ്രാമപഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതികളുടെ സമാപനവും പ്രതിഭാസംഗമവും ആനുകൂല്യവിതരണവും-നിറവ് 2023- പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സർക്കാർ എപ്പോഴും വികസനത്തിനൊപ്പമാണെന്നും പഞ്ചായത്തിന്റെ മികച്ച പ്രവർത്തനം സർക്കാർ നിലപാടിനെ ബലപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രൈമറി ഹെൽത്ത് സബ് സെന്ററുകളുടെ നിർമാണം, കർഷകർക്കായി 60 ലക്ഷം രൂപയുടെ സഹായങ്ങൾ ലഭ്യമാക്കിയ കേരഗ്രാമം പദ്ധതി, നന്ദിയോട്- ആനാട് കുടിവെള്ള പദ്ധതി പുനരാരംഭിക്കൽ, നന്മ വീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി നൽകൽ, മാലിന്യ നിർമാർജനത്തിനായി സ്ഥലം കണ്ടെത്തൽ തുടങ്ങി നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്. 

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിതരണം, കാർഷിക ഉപകരണങ്ങളുടെ വിതരണം, വയോജനങ്ങൾക്കുള്ള കട്ടിൽ, കുട്ടികൾക്കായുള്ള ഫർണിച്ചർ, പ്രീ പ്രൈമറി കുട്ടികൾക്കായുള്ള കളികോപ്പുകൾ എന്നിവയുടെ വിതരണവും ചടങ്ങിൽ നടന്നു.

മുൻ ആനാട് വൈസ്പ്രസിഡന്റും മാധ്യമരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാര ജേതാവുമായ ആനാട് ശശിധരനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഗവേഷണരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചവരേയും കല-കായിക- സാംസ്‌കാരിക രംഗങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയ പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു. 

ആനാട് ബാങ്ക് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരുന്നു. ആനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ, വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് ജി.അനിൽ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.