അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മാമുക്കോയയുടെ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബർസ്ഥാനി. ഇവിടേയും മയ്യിത്ത് നിസ്ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകൾ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൌൺഹാളിലേക്ക് ഒഴുകിയെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.