യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. കോടതിയിലെത്തി കീഴടങ്ങിയ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. മൻഹാറ്റൻ കോടതിയിലാണ് ട്രംപ് കീഴടങ്ങാനെത്തിയത്. പോൺതാരമായ സ്റ്റോമി ഡാനിയേൽസുമായുണ്ടായിരുന്ന അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ പണം നൽകിയെന്ന കേസിലാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിരിക്കുന്നത്.

കുറ്റം ചുമത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷയിലാണ് ട്രംപ് മൻഹാറ്റൻ കോടതിയിൽ എത്തിയത്. കോടതിയുടെ 15–ാം നിലയിലായിരുന്നു ഔദ്യോഗിക നടപടികൾ. കുറച്ചുപേർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കി. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചത്.

34 കുറ്റങ്ങളാണ് ട്രംപിനെതിരെ കോടതി ചുമത്തിയത്. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. വാദം പൂർത്തിയാക്കിയ ശേഷം മടങ്ങിയ ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. 2008 ൽ നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണു കേസ്. ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെട്ട ആദ്യ മുൻ യുഎസ് പ്രസിഡന്റാണ്. ഫ്ലോറിഡയിലെ വസതിയിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണു ട്രംപ് ന്യൂയോർക്കിലെത്തിയത്. ട്രംപ് ടവറിൽനിന്നാണു കോടതിയിലേക്കു പോയത്. കോടതിപരിസരത്ത് ട്രംപിന്റെ അനുയായികൾ തടിച്ചുകൂടിയിരുന്നു.