പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടി; കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ഹര്‍ജി തള്ളി സുപ്രിംകോടതി

കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രിംകോടതി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിക്കാനാകില്ലെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. മനു അഭിഷേക് സിംഗ്വിയാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. 14 പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ വ്യത്യസ്ത വാദങ്ങളാണ് മുന്നോട്ടുവച്ചതെങ്കിലും ഒരേ താത്പര്യമായിരുന്നു ഹര്‍ജിയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് ജെബി പര്‍ഡിവാലയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഏതെങ്കിലും വസ്തുനിഷ്ഠമായ സാഹചര്യത്തിലുള്ളതല്ലാത്ത, ഏതെങ്കിലും പ്രത്യേക കേസിന്റെ പശ്ചാത്തലത്തിലുള്ളതല്ലാത്ത ഈ ഹര്‍ജി ഫയലില്‍ സ്വീകരിക്കാനോ ഇടപെടുന്നതിനോ കോടതി താത്പര്യപ്പെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്രഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ചില വിവരങ്ങളും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സാധാരണ പൗരന്മാര്‍ക്കില്ലാത്ത പ്രത്യേകമായ യാതൊരു പ്രതിരോധവും നേതാക്കള്‍ക്ക് മാത്രമായി നല്‍കാനാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. മനു അഭിഷേക് സിംഗ്വി ഹര്‍ജി പിന്‍വലിച്ചിട്ടുണ്ട്.