ലൈഫ് മിഷൻ; നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമാണം പൂർത്തിയാക്കിയ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാല് ജില്ലകളിലായി 172 കുടുംബങ്ങൾക്കാണ് ഇതുവഴി വീട് സ്വന്തമായത്. പദ്ധതിയുമായി ബന്ധപ്പെടുത്തി അനാവശ്യ കാര്യങ്ങൾ ഉയർത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂർ, കൊല്ലം, കോട്ടയം ഇടുക്കി ജില്ലകളിലെ നിർമാണം പൂർത്തിയായ നാല് ഭവന സമുച്ചയങ്ങളിലായി ഭൂ – ഭവന രഹിതരായ 172 കുടുംബങ്ങൾക്കാണ് ഫ്ലാറ്റ് സ്വന്തമായത്. സംസ്ഥാന തല ഉദ്ഘാടനവും കണ്ണൂരിലെ 44 ഫ്ലാറ്റുകളുടെ താക്കോൽ വിതരണവും കടമ്പൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങൾ തൊടാതെ, പദ്ധതിയുടെ നേട്ടങ്ങൾ എണ്ണിപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കൊല്ലം പുനലൂരിൽ മന്ത്രി കെ.എൻ ബാലഗോപാലും, കോട്ടയം വിജയപുരത്ത് മന്ത്രി വി.എൻ വാസവനും ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി ആഗസ്റ്റിനും ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി. വിവാദ കോലാഹലങ്ങൾക്കിടയിലും പദ്ധതി പൂർത്തീകരിക്കാനാകുന്നത് വലിയ നേട്ടമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.