തൃശൂര്‍; ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താത്തത്തിന്റെ പേരിൽ വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി.
ചേര്‍പ്പ് കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. ഉറക്കത്തില്‍നിന്ന് വിളിച്ച് എഴുന്നേല്‍പിക്കാന്‍ വൈകിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് മകന്‍ റിജോ (25) കൊലനടത്തിയത്. റിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വെല്‍ഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് 5ന് പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി. രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. 8.30 ഓടെ റിജോയെ വിളിച്ചെഴുന്നേല്‍പ്പിച്ചെങ്കിലും വിളിക്കാന്‍ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തര്‍ക്കത്തിലാക്കുകയായിരുന്നു.
ജോയി ഇത് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ തമ്മിൽ വഴക്കായി . വഴക്കിനൊടുവില്‍ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ജോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റീനയാണ് ജോയിയുടെ ഭാര്യ. മകള്‍: അലീനയാണ്.