എടിഎമ്മില്‍ പണം നിറയ്ക്കാനെത്തിയ വാന്‍ ഡ്രൈവര്‍ ഒന്നരക്കോടിയുമായി മുങ്ങി!

പാറ്റ്‌ന: ക്യാഷ് വാനിലെത്തിയ ജീവനക്കാര്‍ എ ടി എമ്മില്‍ പണം നിറയ്ക്കുന്ന സമയത്ത് ഒന്നര കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ മുങ്ങി. എ ടി എമ്മുകളില്‍ പണം നിറയ്ക്കാന്‍ ബാങ്ക് നിയോഗിച്ച സ്വകാര്യ സ്ഥാപനത്തിന്റെ ഡ്രൈവറാണ് വന്‍തുകയുമായി കടന്നു കളഞ്ഞത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തിട്ടും പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബിഹാര്‍ പൊലീസ് അറിയിച്ചു.ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയ്ക്കടുത്തുള്ള ആലംഗഞ്ജിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവര്‍ സൂരജ് കുമാറാണ് ഒന്നരക്കോടി രൂപയുമായി കടന്നുകളഞ്ഞത്. ആലംഗഞ്ജിലെ ഡാങ്ക ഇംലിയിലുള്ള ഐസി ഐസി ഐ ബാങ്ക് എ ടി എമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു.


എ ടി എമ്മുകളില്‍ സുരക്ഷിതമായി പണം നിറയ്ക്കുന്നതിനായി ബാങ്ക് നിയോഗിച്ച സെക്യുര്‍വെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഡ്രൈവറാണ് സൂരജ് കുമാര്‍. നാല് ജീവനക്കാരാണ് ക്യാഷ് വാനില്‍ ഉണ്ടായിരുന്നത്. ജീവനക്കാര്‍ പണം നിറയ്ക്കാന്‍ എ ടി എമ്മിലേക്ക് പോയപ്പോഴാണ്, ഡ്രൈവര്‍ വാനില്‍ അവശേഷിച്ചിരുന്ന ഒന്നര കോടി രൂപയുമായി കടന്നു കളഞ്ഞത്. ജീവനക്കാര്‍ പണം നിറച്ച് തിരിച്ചു വന്നപ്പോഴാണ് പണമടങ്ങിയ വാഹനം നഷ്ടപ്പെട്ട വിവരം അറിയുന്നത്. അവര്‍ ഉടന്‍ തന്നെ ബാങ്ക് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് വാനിനുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ, ഒരു കിലോമീറ്റര്‍ അകലെ ഈ വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജി പി എസ് ഉപകരണം ഘടിപ്പിച്ച വാഹനം ട്രാക്ക് ചെയ്യാന്‍ പൊലീസിന് കഴിയുമെന്ന് അറിയാവുന്ന സൂരജ് വാഹനം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. വാഹനത്തിലുണ്ടായിരുന്ന ഒന്നര കോടി രൂപ നിറച്ച പെട്ടികള്‍ കാണാനില്ലെന്ന് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചു. 

സൂരജിനു വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. കമ്പനി രേഖകള്‍ പ്രകാരം ജഹനാബാദ് ജില്ലയിലെ ഗോസി ഗ്രാമവാസിയാണ് സൂരജ്. ഇവിടെ പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ഇങ്ങനെ ഒരാള്‍ ഇവിടെയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.