പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പണംകവർന്ന കേസ്: മീശ വിനീതിനെയും കൂട്ടാളിയെയും എത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ എത്തിച്ച് തെളിവെടുത്തു. പ്രമുഖ റീൽസ് താരവുമായ മീശ വിനീത് എന്ന കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ വിനീത് (26), കൂട്ടാളി കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. 

ഇവർ തൃശ്ശൂരിലേക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച് കാറും പൊലീസ് കണ്ടെടുത്തു. ഇന്ന് രാവിലെ ആണ് റിമാൻഡിലായിരുന്ന ഇവരെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയത്. നഗരൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇവർ കവർച്ച നടത്തിയത്. മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്. കവർച്ചയ്ക്കു ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട ഇവർ സ്കൂട്ടർ പോത്തൻകോട് ഉപേക്ഷിച്ച ശേഷം ഓട്ടോ റിക്ഷയിലാണ് രക്ഷപ്പെട്ടത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാർ വാങ്ങി തൃശൂരിലേക്കു കടന്നു. അടുത്ത ദിവസം വിനീത് തിരികെ കിളിമാനൂരിൽ മടങ്ങിയെത്തിയിരുന്നു. ഇതിനായി ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.