നാല്‍പതുകാരനെ രാത്രിയില്‍ വെട്ടി കൊല്ലാന്‍ ശ്രമിച്ച ആറ് അംഗ സംഘം അറസ്റ്റില്‍

ആനാട് നാഗച്ചേരി കല്ലടക്കുന്ന് പാറയില്‍ വീട്ടില്‍ രവിയുടെ മകന്‍ രതീഷ്(40)നെ ശനിയാഴ്ച രാത്രി 9.30 ഓടെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 6 പേര്‍ അറസ്റ്റില്‍. ചുള്ളിമാനൂര്‍ കരിങ്കട വി.വി.ഹൗസില്‍ സുരേഷ് കുമാര്‍ മകന്‍ വിനീത് (38), ആനാട് നാഗച്ചേരി കല്ലടക്കുന്ന് തടത്തരികത്ത് വീട്ടില്‍ മണി മകന്‍ മിഥുന്‍ (32), പനയമുട്ടം റോഡരികത്ത് വീട്ടില്‍ ദിലീപ് മകന്‍ റിയാസ് (26), ആനാട് നാഗച്ചേരി അഖില്‍ ഭവനില്‍ തങ്കരാജ് മകന്‍ അതുല്‍രാജ് (25), പനവൂര്‍ മൊട്ടക്കാവ് ചാവറക്കോണം നിസാം മന്‍സിലില്‍ അബ്ദുല്‍ അസീസ് മകന്‍ നിസാമുദ്ധീന്‍ (35), പനവൂര്‍ പുനവക്കുന്ന് വട്ടറതല അയണിക്കാട് വീട്ടില്‍ ബാലചന്ദ്രന്‍ മകന്‍ കിരണ്‍ (36) എന്നിവരെയാണ് നെടുമങ്ങാട് സിഐ എസ്.സതീഷ്‌കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുന്‍പ് ആനാട് ടര്‍ഫില്‍ രതീഷും വിനീതും തമ്മില്‍ ഉണ്ടായ അടിപിടിയെ തുടര്‍ന്നുള്ള വൈരാഗ്യമാണ് വിനീതും സുഹൃത്തുക്കളായ മറ്റ് 5 പേരും ചേര്‍ന്ന് രതീഷിനെ കമ്പിപ്പാരയും വടിവാളും ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ് ഗുരുതരമായ പരുക്കുകളോടെ രതീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി രതീഷിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം കാറില്‍ രക്ഷപ്പെട്ട് പുലര്‍ച്ചെ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുക ആയിരുന്ന ഈ സംഘത്തെ ഫോണ്‍ ട്രൈസ് ചെയ്താണ് നെടുമങ്ങാട് പൊലീസ് പിടി കൂടിയത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.