ജയിൽ ശിക്ഷയും പിന്നെ പാർലമെന്‍റ് അംഗത്വത്തിന് അയോഗ്യതയിലേക്കും നയിച്ച അപകീര്‍ത്തി കേസില്‍ വിധി പുറപ്പെടുവിച്ച ഗുജറാത്തിലെ കോടതിയിലേക്ക് രാഹുല്‍ഗാന്ധി വീണ്ടും എത്തിയപ്പോൾ രാജ്യവും അതീവ ശ്രദ്ധയോടെയാണ് അത് നോക്കി കണ്ടത്. സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹിൽ നേരിട്ട് ഹാജരായാണ് രാഹുൽ അപ്പീൽ നൽകിയത്. കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആവശ്യം. അപ്പീൽ പരിഗണിക്കാമെന്ന് വ്യക്തമാക്കി കോടതി ഇന്ന് ജാമ്യം അനുവദിച്ചതോടെ 10 നാൾ നിർണായകമാകും. ഏപ്രിൽ 13 ന് കോടതി ആവശ്യം അംഗീകരിച്ചാൽ അത് രാഹുൽ ഗാന്ധിക്ക് നേട്ടമാകും. പാർലമെന്‍റിൽ മടങ്ങിയെത്തി ഭരണപക്ഷത്തിനും പ്രധാനമന്ത്രിക്കുമെതിരായ വിമർശനം കടുപ്പിക്കാൻ രാഹുലിന് ആത്മവിശ്വാസം നൽകുകയും ചെയ്യും. എന്നാൽ സെഷൻസ് കോടതിയിൽ ഏപ്രിൽ 13 ന് തിരിച്ചടി നേരിട്ടാൽ മേൽക്കോടതികളിലേക്ക് കാത്തിരിപ്പ് തുടരേണ്ടിവരും.