അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ആളുകളെങ്ങനെ ജീവിക്കും'; വിമര്‍ശിച്ച് ഹൈക്കോടതി

യുപിഐ ഇടപാടുകളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണം. യുപിഐ ഇടപാടിന്റെ പേരില്‍ അക്കൗണ്ട് മരവിപ്പിക്കപ്പെട്ട ആറു പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

എഫ്‌ഐആര്‍ പോലും ഇല്ലാതെയാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതോടെ ഇതില്‍ കൃത്യമായ നിയമ നടപടി പാലിക്കേണ്ടതില്ലേയെന്ന് കോടതി ചോദിച്ചു. സിആര്‍പിസി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്നുവെന്നും ജസ്റ്റിസ് ജ.വിജു എബ്രഹാം ചോദിച്ചു. ഇതോടെയാണ് വിഷയം ഡിജിപി തന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. ഹര്‍ജികള്‍ ഈ മാസം 28ന് വീണ്ടും പരിഗണിക്കും.