ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ക്ലീൻ എനർജി മേഖലയിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലീൻ എനർജി ഇന്നവേഷൻ ബിസിനസ് ഇൻക്യുബേഷൻ സെൻറർ സംഘടിപ്പിക്കുന്ന ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചാലഞ്ചിന്റെ ഭാഗമായി ലഭിച്ച 100 ആശയങ്ങൾ അടങ്ങിയ അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 10 ആശയങ്ങൾക്കാണ് പുരസ്കാരം നൽകിയത്. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.  

ഹരിതോർജ്ജ സാങ്കേതികവിദ്യകളുടെ വികസനത്തിനായി ഊർജ്ജവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളായ കെഎസ്ഇബി എൽ, അനർട്ട്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എനർജി മാനേജ്മെൻറ് സെൻറർ എന്നിവയെ പ്രതിനിധീകരിച്ച് എനർജി മാനേജ്മെൻറ് സെന്ററും, കെ ഡിസ്കും ഡൽഹിയിലുള്ള ക്ലീൻ എനർജി ഇൻറർനാഷണൽ ഇൻക്യുബേഷൻ സെന്ററും ചേർന്ന് കഴിഞ്ഞ വർഷമാണ് ക്ലീൻ എനർജി ഇന്നവേഷൻ ആൻഡ് ബിസിനസ് ഇൻക്യുബേഷൻ സെൻറർ (സിബെക്) ആരംഭിച്ചത്. സിബക്കിന്റെ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ആയാണ് ഗ്രീൻ ടെക് ചാലഞ്ച് സംഘടിപ്പിച്ചത്. 

ആശയങ്ങൾ പ്രാവർത്തികമാക്കാൻ 2026 ഓടെ 30 സ്റ്റാർട്ടപ്പുകൾക്ക് സിബക്കിന്റെ നേതൃത്വത്തിൽ സാങ്കേതിക സഹായവും സിബക്കിന്റെ ലാബുകൾ ഉപയോഗിക്കാനുള്ള സൗകര്യവും അന്താരാഷ്ട്രതലത്തിലുള്ള സാങ്കേതിക വിദഗ്ധരുമായി ചർച്ചകൾക്കുള്ള അവസരവും ഒരുക്കും.

ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി ഡോക്ടർ വി പി ജോയ് മുഖ്യപ്രഭാഷണം നടത്തി. ഇ എം സി ഡയറക്ടർ ഡോക്ടർ ആർ ഹരികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അനിൽകുമാർ വി സി, ടാറ്റ പവർ കമ്പനി ലിമിറ്റഡ് ചീഫ് ഗണേഷ് ദാസ്, സോഷ്യൽ ആൽഫ പ്രതിനിധി സ്മിതാ രാകേഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.