തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകളും ആത്യാന്മിക ക്ലാസുകളും വേണ്ടെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും കഴിഞ്ഞ മാസം 30 ഓടെ അവസാനിച്ചതായി അദ്ദേഹം അറിയിച്ചു. ഇനി മുതൽ തടവുപുള്ളികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മോട്ടിവേഷൻ സംഘടനകളുടെ പാനൽ നൽകണമെന്നും ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകൾക്ക് ജയിലുകൾക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവർ തടവുപുള്ളികൾക്ക് ആധ്യാത്മിക ക്ലാസുകൾ നൽകിയിരുന്നു. ഇനി ഇത്തരം സംഘടനകൾക്ക് പ്രവേശനം നൽകേണ്ടെന്നാണ് ജയിൽ മേധാവിയുടെ ഉത്തരവ്. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ എന്താണ് കാരണമെന്ന് വ്യക്തമാക്കിയില്ല.