മാർച്ച് മൂന്നിനാണ് ക്രൂ അംഗത്തിലൊരാൾ പരാതി നൽകിയത്. റിപ്പോർട്ടിങ് സമയം കഴിഞ്ഞിട്ടും പൈലറ്റ് എത്തിയില്ലെന്നും യാത്രക്കാർക്കൊപ്പമാണ് പൈലറ്റ് എത്തിയതെന്നും പരാതിയിൽ പറഞ്ഞു. തന്റെ പെൺ സുഹൃത്ത് ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നുണ്ടെന്നും അവരെ ബിസിനസ് ക്ലാസിലേക്കു മാറ്റണമെന്നും പൈലറ്റ് നിർദേശിച്ചതായി പരാതിയിൽ പറഞ്ഞു. ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടെന്നും പരാതിയിൽ ആരോപിച്ചു.
സുഹൃത്തിന് ഇരിക്കാൻ കുറച്ച് തലയിണകൾ എത്തിച്ച് മനോഹരമായി വിരിക്കാൻ നിർദേശിച്ചു. പിന്നീട് മദ്യവും ഭക്ഷണവും നൽകാനും നിർദേശിച്ചു. കോക്പിറ്റിൽ മദ്യം നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പൈലറ്റ് മോശമായി പെരുമാറി. വേലക്കാരി എന്ന നിലയിലാണ് പൈലറ്റ് പെരുമാറിയതെന്നും പരാതിയിൽ പറയുന്നു. പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൂന്ന് മണിക്കൂറോളം യുവതി കോക്പിറ്റിൽ ചെലവഴിച്ചു.
നിയമപ്രകാരം പൈലറ്റിന്റെ അനുമതിയോടെ വിമാന ജീവനക്കാർക്കു മാത്രമേ കോക്പിറ്റിൽ പ്രവേശിക്കാനാകൂ. അതും പ്രവേശിക്കുന്നതിനു മുമ്പ് ബ്രീത് അനലൈസർ ടെസ്റ്റ് നടത്തണം. എന്നാൽ, എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് പൈലറ്റ് യുവതിയെ കോക്പിറ്റിൽ പ്രവേശിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു