വന്ദേ ഭാരത് ട്രെയില്‍ പാലക്കാട് എത്തി ; ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടും സ്വീകരണം. വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തും

പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. ട്രെയിന്‍ വൈകീട്ട് തിരുവനന്തപുരത്തെത്തും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും.ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്‍റെ വേഗത. അതേസമയം, കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും വിമര്‍ശിച്ചു. അതേസമയം, കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.