വർക്കല: ഇടവയിൽ മരുമകനുമായുള്ള വാക്കുതർക്കത്തിനിടെ മർദനമേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. വർക്കല ചിലക്കൂർ ഷാനി മൻസിലിൽ ഷാനി (52) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇടവ പഞ്ചായത്ത് ഓഫീസിനു സമീപമായിരുന്നു സംഭവം.
ഷാനിയുടെ മൂത്ത മകൾ ബീനയുടെ ഭർത്താവ് ഇടവ സ്വദേശി ശ്യാമുമായാണ് വാക്കുതർക്കമുണ്ടായത്. തുടർന്നുള്ള മർദനത്തിലാണ് മരിച്ചതെന്നാണ് പരാതി. ബീനയെ ശ്യാം സ്ഥിരമായി മർദിക്കുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും മർദിച്ചു. ഇതേക്കുറിച്ച് വെള്ളിയാഴ്ച രാവിലെ ബീന പഞ്ചായത്തംഗത്തോടൊപ്പം അയിരൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ഉച്ചയ്ക്ക് ഇടവ പഞ്ചായത്ത് ഓഫീസിന് സമീപം ഷാനിയും ബീനയും എത്തിയപ്പോൾ ശ്യാമിനെ കണ്ടു. പോലീസിൽ പരാതി നൽകിയതിനെ ച്ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്നുള്ള മർദനത്തിൽ ഷാനി ബോധരഹിതനായി നിലത്തുവീണു. നാട്ടുകാർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അയിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ബീനയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. മരുമകൻ ശ്യാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.