ശ്രീനാരായണ ദാര്‍ശനിക പഠനം ബാല്യത്തില്‍ തുടങ്ങണം - സച്ചിദാനന്ദ സ്വാമി

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍റെ തത്വദര്‍ശനത്തിന്‍റെ ആചരണത്തിനും പ്രചരണത്തിനും ബാല്യത്തില്‍ തന്നെ പഠനം ആവശ്യമാണെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരിയില്‍ വിദ്യാര്‍ത്ഥികളുടെ അവധിക്കാല പഠനശിബിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സ്വാമി.

ചൊട്ടയിലെ ശീലം ചുടല വരെ എന്ന് പറയുന്നതുപോലെ ബാല്യത്തിലുള്ള പഠനമാണ് അവസാനം വരെ നിലനില്‍ക്കുന്നത്. മദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റേയും പിടിയിലമര്‍ന്ന് കുരുന്നുകള്‍ പോലും വഴി തെറ്റിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അന്തരീക്ഷത്തില്‍ ഗുരുവിന്‍റെ തത്വദര്‍ശനം കുട്ടികളില്‍ എത്തിക്കുന്നതില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ അവധിക്കാലയളവില്‍ രാജ്യമൊട്ടാകെ ശ്രീനാരായണ ദര്‍ശന പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിന് ചെറുതും വലുതുമായ എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളുടേയും ഭാരവാഹികളും ബന്ധപ്പെട്ടവരും മുന്നോട്ട് വരണമെന്ന് സ്വാമി പറഞ്ഞു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി അംബികാനന്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പ് 11 വരെ തുടരും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ സംബന്ധിക്കുന്നുണ്ട്. രണ്ടാംഘട്ട ക്യാമ്പും ഉണ്ടായിരിക്കും.