ഇരവികുളം ദേശീയോദ്യാനം തുറന്നു; വരയാടുകളെ കാണാൻ സന്ദർശകപ്രവാഹം

വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ പാര്‍ക്കിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടി ജനുവരി അവസാനത്തോടെ അടച്ചിട്ട പാര്‍ക്ക് ഏപ്രില്‍ 1 മുതലാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമാണ് സഞ്ചാരികള്‍ പാര്‍ക്കില്‍ എത്തുന്നത്. പാര്‍ക്കിലേക്കുള്ള യാത്ര അനുഭവവും വരയാടുകളെ കാണാന്‍ കഴിഞ്ഞതിലും സന്തോമുണ്ടെന്ന് സഞ്ചാരികള്‍ പറയുന്നു.


മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്വി വിനോദിന്റെ നിര്‍ദ്ദേശപ്രകാരം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് നേര്യംപറമ്പില്‍ ഇത്തവണ നിരവധി മാറ്റങ്ങളാണ് പാര്‍ക്കില്‍ വരുത്തിയിട്ടുള്ളത്. ഇതില്‍ പ്രധാനം ചോലവനങ്ങളില്‍ കാണപ്പെടുന്ന പ്രത്യേക ഇനം സസ്യങ്ങള്‍ സഞ്ചാരികള്‍ക്ക് പാര്‍ക്കില്‍ കാണാന്‍ കഴിയുന്നും എന്നുള്ളതാണ്. മാത്രമല്ല ഫോട്ടോ ഷൂട്ട് പോയിന്റും പുതിയതായി പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ബീറ്റ് ഫോറസ്റ്റ്ന ഓഫീസര്‍ അഖില്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക് അഞ്ചാം മൈല്‍ മുതല്‍ അഞ്ചര കിലോമീറ്റര്‍ ദൂരം ബഗ്ഗി കാറില്‍ യാത്ര ചെയ്യാവുന്ന താര്‍ എക്കോ ഡ്രൈവ് പാര്ക്കിനുള്ളില്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചുപേര്‍ക്ക് മടക്കയാത്രയുള്‍പ്പെടെ 7500 രൂപായാണ് നിരക്ക്. 2880 പേര്‍ക്കാണ് ഒരു ദിവസം പാര്‍ക്കില്‍ കയറുവാന്‍ അനുമതിയുള്ളു. രാവിലെ 8 മുതല്‍ 4 വരെയാണ് പ്രവേശന സമയം.