ദില്ലി: ഐപിഎല്ലില്‍ ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും തിലക് വര്‍മയുടെ തീപ്പൊരി ബാറ്റിംഗിന്‍റെയും കരുത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രോഹിത് 45 പന്തില്‍ 65 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 29 പന്തില്‍ 41 റണ്‍സെടുത്തു. രോഹിത്തിനൊപ്പം ഇന്നിംഗ്സ് തുറന്ന ഇഷാന്‍ കിഷന്‍ 26 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി. മൂന്ന് കളികളില്‍ മുംബൈയുടെ ആദ്യ ജയവും ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയുമാണിത്. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172ന് ഓള്‍ ഔട്ട്, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 173-4.
സൂപ്പര്‍ ഹിറ്റ് ഷോ
ഡല്‍ഹി ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് തകര്‍ത്തടിച്ചാണ് മുംബൈ തുടങ്ങിയത്. പവര്‍ പ്ലേയില്‍ കിഷനും രോഹിത്തും ചേര്‍ന്ന് മുംബൈയെ 68 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേ കഴിഞ്ഞപ്പോള്‍ രോഹിത് 17 പന്തില്‍ 37 ഉം കിഷന്‍ 19 പന്തില്‍ 30 റണ്‍സും അടിച്ചിരുന്നു.പവര്‍ പ്ലേക്ക് പിന്നാലെ എട്ടാം ഓവറില്‍ കിഷന്‍(26 പന്ത്ല 31) റണ്ണൗട്ടായതോടെ മുംബൈക്ക് ആദ്യ തിരിച്ചടിയേറ്റു. 29 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് 24 ഇന്നിംഗ്സിനിടെ ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ചപ്പോള്‍ പന്ത്രണ്ടാം ഓവറില്‍ മുംബൈ 100 കടന്നു. എന്നാല്‍ 13, 14, 15 ഓവറുകളില്‍ രോഹിത്തും തിലക് വര്‍മയും ചേര്‍ന്ന് 11 റണ്‍സ് മാത്രം നേടിയതോടെ അവസാന അഞ്ചോവറില്‍ മുംബൈയുടെ ലക്ഷ്യം 50 റണ്‍സായി.മുകേഷ് കുമാര്‍ എറിഞ്ഞ പതിനാറാം ഓവറില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സും പറത്തി തിലക് വര്‍മ മുംബൈയുടെ ജയം ആനായാസമാക്കുമെന്ന് കരുതിയെങ്കിലും അതേ ഓവറില്‍ തിലക് വര്‍മയെ വീഴ്ത്തിയ മുകേഷ് കുമാര്‍ തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവിനെ ഗോള്‍ഡന ഡക്കാക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ മുംബൈ സമ്മര്‍ദ്ദത്തിലായി. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ രോഹിത്തിന് പിന്നീട് മൂന്ന് പന്തുകളില്‍ റണ്‍സെടുക്കാനായില്ല.അഞ്ചാം പന്തില്‍ രോഹിത്തിനെ(45 പന്തില്‍ 65) വിക്കറ്റിന് പിന്നില്‍ പറന്നു പിടിച്ചതോടെ മുബൈ കടുത്ത സമ്മര്‍ദ്ദത്തിലായി. അവസാന രണ്ടോവറില്‍ 20 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുസ്ഫിസുര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സ് അടക്കം 15 റണ്‍സടിച്ച കാമറൂണ് ഗ്രീനും ടിം ഡേവിഡും മുംബൈയുടെ സമ്മര്‍ദ്ദം ഒഴിവാക്കി. ആന്‍റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് റണ്‍സ് മതിയായിരുന്നെങ്കിലും ആദ്യ പന്തില്‍ സിംഗിളെടുത്ത ശേഷം പിന്നീട് മുംബൈക്ക് രണ്ട് പന്തില്‍ റണ്ണെടുക്കാനാവാഞ്ഞതോടെ വീണ്ടും സമ്മര്‍ദ്ദമായി. അടുത്ത പന്തില്‍ സിംഗിളെടുത്ത മുംബൈക്ക് അവസാന പന്തില്‍ ജയത്തിലേക്ക് രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് മുംബൈ ആദ്യ ജയം സ്വന്തമാക്കി. 8 പന്തില്‍ 17 റണ്‍സെടുത്ത ഗ്രീനും 11 പന്തില്‍ 13 റണ്‍സെടുത്ത ടിം ഡേവിഡും പുറത്താകാതെ നിന്നു. ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. മുംബൈ ജയിച്ചതോടെ സീസണില്‍ ജയേ നേടാത്ത ഒരേയൊരു ടീം ഡല്‍ഹിയായി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഒരിക്കല്‍ കൂടി തിളങ്ങിയെങ്കിലും ക്യാപ്റ്റന്‍റെ മുട്ടിക്കളി ഡല്‍ഹിയെ 19.4 ഓവറില്‍ 172ല്‍ ഒതുക്കി.ഓപ്പണറായി ഇറങ്ങി 43 പന്തില്‍ അര്‍ധസഞ്ചുറി തികച്ച വാര്‍ണര്‍ 47 പന്തില്‍ 51 റണ്‍സെടുത്ത് പത്തൊമ്പതാം ഓവറില്‍ പുറത്തായപ്പോള്‍ ഏഴാമനായി ക്രീസിലിറങ്ങി 25 പന്തില്‍ 54 റണ്‍സടിച്ച അക്ഷര്‍ പട്ടേലാണ് ഡല്‍ഹിക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്.പൃഥ്വി ഷായും ഡല്‍ഹിയുടെ മധ്യനിരയും വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ പതിമൂന്നാം ഓവറില്‍ 98-5ലേക്ക് തകര്‍ന്ന ഡല്‍ഹിയെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അക്ഷര്‍ ആണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 22 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും പറത്തിയാണ് അക്ഷര്‍ അര്‍ധസെഞ്ചുറി തികച്ചത്.മുംബൈക്കായി പിയൂഷ് ചൗളയും ജേസണ്‍ ബെഹന്‍ഡോര്‍ഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.