ജലബജറ്റ് കേരളത്തിന്റെ പാരിസ്ഥിതിക ഭാവിക്കായി നടപ്പാക്കുന്ന പദ്ധതി : മന്ത്രി റോഷി അഗസ്റ്റിൻ.വർക്കല കോട്ടേപ്പാണി, പള്ളിത്തൊടി കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു.

കേരളത്തിന്റെ പാരിസ്ഥിതിക ഭാവിയെ മുന്നിൽകണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് ജലബജറ്റെന്നും ഒരു പ്രദേശത്തെ ജലത്തിന്റെ അളവും തോതും മനസിലാക്കി ജലത്തിന്റെ ഉപയോഗം ക്രമപ്പെടുത്തുന്നതിന് പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. വർക്കലയിലെ ഓടയം കോട്ടേപ്പാണി ശുദ്ധജലപദ്ധതിയും ഹരിഹരപുരം-പള്ളിത്തൊടി കുടിവെള്ള പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഗൗരവത്തോടെ കാണണമെന്നും കരുതലോടെ ജലം സംരക്ഷിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. 

ഇടവ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കാരിച്ച പദ്ധതിയാണ് കോട്ടേപ്പാണി കുടിവെള്ള പദ്ധതി. പ്രദേശവാസികളുടെ കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കേരള വാട്ടർ അതോറിറ്റിയും ജലജീവൻമിഷനും സംയുക്തമായാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് കോട്ടേപ്പാണിയിൽ പഞ്ചായത്ത് നിർമിച്ച കിണറും പമ്പ് ഹൗസും പുനരുദ്ധാരണം ചെയ്തു. കിണറിൽ നിന്ന് പമ്പ് ചെയ്യപ്പെടുന്ന ജലം മൈക്രോഫിൽറ്റെർ വഴി ശുദ്ധീകരിച്ച് ഓടയം വലിയപള്ളിയ്ക്കു സമീപം നിർമിച്ച 40,000 ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ടാങ്കിൽ എത്തിക്കുന്നു. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ നൽകി, ഇവിടെ നിന്നും ജലവിതരണം സാധ്യമാക്കുന്നതാണ് പദ്ധതി. പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ 11, 12, 13 വാർഡുകളിലും വർക്കല മുനിസിപ്പാലിറ്റിയിലെ 1, 2 വാർഡുകളിലുമായി 695 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒരു കോടി 62 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമായത്. 

ഇലകമൺ ഗ്രാമപഞ്ചായത്തിലെ തോണിപ്പാറ-ഹരിഹരപുരം-കെടാകുളം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാണ് പള്ളിത്തൊടി കുടിവെള്ള പദ്ധതി. ജലജീവൻമിഷൻ പ്രകാരം പഞ്ചായത്തിലെ 404 വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതിക്കായി ഒരു കോടി 52 ലക്ഷം രൂപയാണ് ചെലവായത്. കോട്ടേപ്പാണി കുടിവെള്ള പദ്ധതിക്കായി ഭൂമി വിട്ടു നൽകിയ സുരേന്ദ്രനും മുൻപഞ്ചായത്തംഗം ആനന്ദൻ പിള്ളയുടെ സ്മരാണാർത്ഥം പള്ളിത്തൊടി കുടിവെള്ള പദ്ധതിക്കായി ഭൂമി വിട്ടു നൽകിയ കുടുംബാംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. ഇവർക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകാൻ മന്ത്രി നിർദേശം നൽകി. 

വി.ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി ആറ്റിങ്ങൽ എക്‌സിക്യൂട്ടീവ് എൻജിനീയർ വി.സന്തോഷ് പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരും നാട്ടുകാരും പങ്കെടുത്തു.