മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് നല്‍കുന്നത്. സുരക്ഷയുടെ ഭാഗമായി അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് കൊണ്ടുവന്നത്. ഇക്കൂട്ടത്തില്‍ പുതിയതായി മൂന്ന് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്.

അക്കൗണ്ട് പ്രൊട്ടക്ട്, ഡിവൈസ് വെരിഫിക്കേഷന്‍, ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡ്‌സ് എന്നിവയാണ് പുതിയ ഫീച്ചറുകള്‍. വാട്‌സ്ആപ്പ് അക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതാണ് അക്കൗണ്ട് പ്രൊട്ടക്ട്. വാട്‌സ്ആപ്പ് അക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ ഉപയോക്താവിന് സൗകര്യം ഒരുക്കുന്നതാണ് പുതിയ ഫീച്ചര്‍. മറ്റൊരാള്‍ വാട്‌സ്ആപ്പ് അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍.

മാല്‍വെയര്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഡിവൈസ് വെരിഫിക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ഉപയോക്താവ് അറിയാതെ മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത് അടക്കമുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനും ഇതുവഴി സാധിക്കും. അക്കൗണ്ട് യഥാര്‍ഥ ഉപയോക്താവിന്റെ തന്നെയാണ് എന്ന് ഉറപ്പിക്കുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഉപയോക്താവിന്റെ ഇടപെടല്‍ ഇല്ലാതെ, വാട്‌സ്ആപ്പ് തന്നെയാണ് അക്കൗണ്ട് സുരക്ഷിതമാണ് എന്ന് ഉറപ്പാക്കുന്നത്. അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഉപയോക്താവ് അയക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമാണ് എന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് മൂന്നാമത്തെ ഫീച്ചറായ ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡ്‌സ്. ഉപയോക്താവിന്റെ ഇടപെടല്‍ ഇല്ലാതെ, ഓട്ടോമാറ്റിക്ക് ആയാണ് വെരിഫിക്കേഷന്‍. നേരത്തെ സുരക്ഷയെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നവര്‍ മാത്രമാണ് സെക്യൂരിറ്റി കോഡ്‌സ് വെരിഫിക്കേഷന്‍ ഫീച്ചര്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ എല്ലാവരും സന്ദേശങ്ങള്‍ അയക്കുന്നത് സുരക്ഷിതമായാണ് എന്ന് ഉറപ്പാക്കുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം.