ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി രാത്രിയിലും വിവാഹം നടത്താന്‍ അനുമതി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നിലെ വിവാഹ മണ്ഡപത്തില്‍ രാത്രിയിലും വിവാഹം നടത്താന്‍ അനുമതി. ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം. രാത്രി എത്രമണിവരെയാണ് വിവാഹം നടത്താനാവുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വൈകുന്നേരവും രാത്രിയിലും ഇതുവരെ ഗുരുവായൂരില്‍ വിവാഹം നടത്താറുണ്ടായിരുന്നില്ല. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഉച്ച പൂജ കഴിഞ്ഞ് ഒന്നരക്ക് നട അടക്കുന്നതുവരെയാണ് വിവാഹ ചടങ്ങുകള്‍ നടക്കാറുണ്ടായിരുന്നത്. 2022 ഡിസംബറില്‍ നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി അച്യുതക്കുറുപ്പ് മകന്റെ വിവാഹം ക്ഷേത്രത്തിനു മുന്നില്‍ വൈകുന്നേരം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ യോഗം പരിഗണിച്ചുകൊണ്ട് ഡിസംബര്‍ 19ന് വൈകീട്ട് അഞ്ചു മണിക്ക് വിവാഹം നടന്നിരുന്നു. ഇതാണ് ദേവസ്വത്തെ രാത്രിയിലും വിവാഹം നടത്താന്‍ പ്രേരിപ്പിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിനായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി മനോജ്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.