ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ ആര്‍ ജി ആനന്ദ് പൂജപ്പുരയിലെ ഗവണ്‍മെന്റ് ഒബ്സര്‍വേഷന്‍ ഹോം സന്ദര്‍ശിച്ചു.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ ആര്‍ ജി ആനന്ദ് പൂജപ്പുരയിലെ ഗവണ്‍മെന്റ് ഒബ്സര്‍വേഷന്‍ ഹോം സന്ദര്‍ശിച്ചു. രേഖകളും സൗകര്യങ്ങളും പരിശോധിച്ച അദ്ദേഹം കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തെക്കുറിച്ചും മെഡിക്കല്‍ സേവനങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ജില്ലയിലെ ഒബ്സര്‍വേഷന്‍ ഹോമിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള മാസി (മോണിറ്ററിങ് ആപ് ഫോര്‍ സീംലെസ് ഇന്‍സ്പെക്ഷന്‍) മുഖേന രാജ്യത്തെ എല്ലാ ഒബ്സര്‍വേഷന്‍ ഹോമുകളുടെയും പ്രവര്‍ത്തനം തത്സമയം പരിശോധിക്കുന്നതിനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് ഡോ ആര്‍ ജി ആനന്ദ് സന്ദര്‍ശനം നടത്തിയത്. ഈ ആപ്പ് വഴി ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം കമ്മീഷന്‍ കണ്ടെത്തുന്ന കുറവുകള്‍ നികത്താന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

 കുട്ടികളുടെ മാനസിക പരിവര്‍ത്തനത്തിന് ഉതകുന്ന രീതിയിലുള്ള പ്രവര്‍ത്തനകളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടോ, അവരുടെ ഭക്ഷണം, താമസം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ തുടങ്ങിയവയും പരിശോധനയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം എറണാകുളം, കൊല്ലം ഒബ്‌സര്‍വേഷന്‍ ഹോമുകളും സംഘം സന്ദര്‍ശിച്ചിരുന്നു. 
 
 കേരളത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട ലഹരി, പോക്സോ കേസുകളില്‍ അതിവേഗം നടപടി സ്വീകരിക്കുന്നുണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായും കേരളപ്പിറവി മുതല്‍ തന്നെ ലഹരിക്കെതിരായി പ്രത്യേക കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രത്യേക സ്‌ക്വാഡ് മുഖേന അതിവേഗ നടപടി സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 
തിരുവനന്തപുരം ജില്ലയില്‍ ദേശീയ ബലാവകാശ കമ്മീഷന്‍ കൂടുതല്‍ ബെഞ്ചുകള്‍ നടത്തി കുട്ടികളുടെ പരാതികള്‍ക്ക് അതിവേഗം നടപടികള്‍ സ്വീകരിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം മുഖ്യമന്ത്രി ഉറപ്പ് നല്‍കിയാതായും അദ്ദേഹം അറിയിച്ചു.

 ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം അനില്‍ ജോസ് ജെ, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഡോ. മോഹന്‍രാജ്, ശിശുക്ഷേമസമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഷാനിബാ ബീഗം, ജില്ലാ വിനിതാ ശിശുവികസന ഓഫീസര്‍ തസ്‌നീം, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചിത്രലേഖ എസ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മജിസ്‌ട്രേറ്റ് അനീസ, സൂപ്രണ്ട് നവാബ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു.