മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് വയോധികയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് പൊലീസ്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിലൊടുവിലാണ് വയോധികയുടെ മരണം ആത്മഹത്യ ആണെന്ന് തെളിഞ്ഞത്. ഇക്കഴിഞ്ഞ 20 ന് രാവിലെയാണ് അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71) യെയാണ് മകൻ ബിനുവിന്‍റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വി.എസ്. ഭവനിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ശ്യാമളയെ വീട്ടിലെ കുളിമുറിയിലാണ് കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ മൃതദേഹത്തിന്‍റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയതോടെയാണ് കൊലപാതക സാധ്യത പൊലീസ് പരിശോധിച്ചത്. മരണ വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ ഫൊറൻസിക് പരിശോധനയിലാണ് കഴുത്തിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കൊലപാതകമാകാമെന്ന സംശയത്തിലായിരുന്നു പൊലീസ്. എന്നാല്‍ കൊലപാതകമെന്നതിനുള്ള തെളിവുകൾ വീട്ടിലും മൃതദേഹത്തിലും നടത്തിയ പരിശോധനയിൽ ലഭിച്ചിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിഗമനവും ഇതുതന്നെയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 


വ്യാഴാഴ്ച രാവിലെ ചായ കൊടുക്കുന്നതിനായി ബിനുവിന്റെ ഭാര്യ സജിത ശ്യാമളയുടെ മുറിയിൽ എത്തിയപ്പോൾ കാണാത്തതിനെത്തുടർന്ന് കുളിമുറിയിൽ തട്ടിവിളിക്കാൻ ശ്രമിക്കുമ്പോഴാണ് രക്തംവാർന്ന് മരിച്ചനിലയിൽ കണ്ടത്. വീട്ടിൽ മരിച്ച ശ്യാമളയുടെ മകൻ ബിനുവും ഭാര്യ സജിതയും ഇളയമകൻ അനന്തുവുമാണ് താമസിക്കുന്നത്. മരണത്തിന് 10 ദിവസം മുൻപാണ് ശ്യാമള ഇവിടെ എത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണത്തെക്കുറിച്ച് പൊലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.