‘ഭാര്യക്ക് സൗന്ദര്യമില്ല, സ്ത്രീധനവും കുറഞ്ഞുപോയി’; ഗാര്‍ഹികപീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍

സ്ത്രീധനമാവശ്യപ്പെട്ടും സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ചും ഭാര്യക്ക് നേരെ നിരന്തരപീഡനം നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവല്ല ഓതറ സ്വദേശി രതീഷ് ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.ഭര്‍ത്താവിന്റെയും, ഭര്‍തൃമാതാവിന്റെയും നിരന്തര പീഡനം ഏറ്റതോടെയാണ് തോട്ടപ്പുഴശേരി സ്വദേശി മറിയാമ്മ മാത്യു പരാതിയുമായി രംഗത്ത് വന്നത്. വിവാഹശേഷം രതീഷിന്റെ കുടുംബവീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞുവരവേ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങുകയായിരുന്നു എന്നാണ് പരാതി. യുവതിയ്ക്ക് ഇയാള്‍ ചെലവിന് നല്‍കാറില്ലായിരുന്നു.പ്രതിയും മാതാവ് ഓമനയും ചേര്‍ന്നാണ് അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്. ആദ്യകുഞ്ഞ് ജനിച്ചശേഷവും മര്‍ദനം തുടര്‍ന്നു. മറിയാമ്മയുടെ അമ്മയ്ക്കും പ്രതികളുടെ മര്‍ദനമേറ്റിരുന്നു. നിരന്തരപീഡനങ്ങള്‍ സഹിക്കവയ്യാതെ കഴിഞ്ഞമാസം 14 ന് യുവതി കോയിപ്രം പൊലീസിനെ സമീപിച്ച് മൊഴി നല്‍കി. തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു