കടയ്ക്കാവൂർ: ഗുണ്ടാ ആക്രമണത്തെ തുടർന്ന് അഞ്ചുതെങ്ങിലെ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
അഞ്ചുതെങ്ങ് ജംഗ്ഷനിലെ KL16 Z6042 കാനനവാസൻ ഓട്ടോറിക്ഷാ ഡ്രൈവറായ ബിജു (48 ) നാണ് ഗുണ്ടാ ആക്രമണത്തിൽ പേരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെ ചെക്കലാവിളാകം വടനാഴിയിലേക്ക് സവാരിവിളിച്ച യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ പോകുന്നതിനിടെ വഴിമദ്ധ്യേ ഗതാഗതം തടസ്സപ്പെടുത്തി മദ്യപിക്കുകയായിരുന്ന ഗുണ്ടാ സംഘമാണ് ഓട്ടോ ഡ്രൈവറെ ആക്രമിച്ച് അവശനാക്കിയത്. വൈകിട്ട് 5 മണിയോടെ സവാരി ഇറക്കി കടന്നുപോകുകയായിരുന്ന ബിജുവിന്റെ ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങളെ തടസ്സപ്പെടുത്തി നിന്ന സംഘത്തെ മറികടന്നുപോയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇരുചക്ര വാഹനത്തിൽ പിന്തുടർന്നെത്തിയ മൂന്നോളം പേരടങ്ങുന്ന സംഘം ചെക്കാലവിളാകം ഊട്ടുപറമ്പ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ബിജുവിനെ വഴിതടയുകയും ആക്രമിക്കുകയുമായിരുന്നു.
സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ ബിജുവിനെ നാട്ടുകാരുടെ നേതൃത്വത്തിൽ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരുക്ക് ഗുരുതരമായതിനെ തുടർന്ന് ബിജുവിനെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.സംഭവത്തിൽ വാഹനത്തിന്റെ ലോൺ തുക അടയ്‌ക്കുവാൻ സൂക്ഷിച്ചിരുന്ന 7000 രൂപയും നഷ്ടപ്പെട്ടതായി ബിജു കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി.