തിരുവനന്തപുരം: കരമനയാറ്റിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തുക്കളെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പെരുകാവ് തൈവിള സ്വദേശികളായ പ്രവീൺ, ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. പെരുകാവ് തുറവൂർ കുളത്തിൻകര വീട്ടിൽ പ്രശാന്ത് കുമാറിനെയാണ് ( 32 ) കരമനയാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പ്രശാന്ത് പുഴയിൽ മുങ്ങിത്താഴുന്നത് കണ്ടിട്ടും രക്ഷപ്പെടുത്താനോ മറ്റുള്ളവരെ അറിയിക്കാനോ സുഹൃത്തുക്കൾ ശ്രമിച്ചിരുന്നില്ല. കരമനയാർ ഒഴുകുന്ന പെരുകാവ് ശാസ്താംകോവിലിന് സമീപത്തെ കടവിലാണ് പ്രശാന്ത് മുങ്ങിമരിച്ചത്. പ്രശാന്തും അറസ്റ്റിലായവരും കരമനയാറിന് സമീപത്തിരുന്ന് മദ്യപിച്ചിരുന്നു.തുടർന്നാണ് പ്രശാന്ത് ഈ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയത്. പ്രശാന്തിന്റെ മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.