43 പന്തില്‍ 77 റണ്‍സാണ് ജയ്സ്‍വാള്‍ കുറിച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്‍റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‍വാദ് (47) എന്നിവരാണ് ചെന്നൈക്കായി പൊരുതി നോക്കിയത്. രാജസ്ഥാന്‍റെ ആദം സാംപ മൂന്ന് വിക്കറ്റുകളുമായി മിന്നി തിളങ്ങി.ജയ ജയ ജയ്സ്‍വാള്‍
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങി രാജസ്ഥാനായി യശ്വസി ജയ്സ്‍വാള്‍ - ജോസ് ബട്‍ലര്‍ സഖ്യം മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറ് മുതല്‍ ചെന്നൈ ടീമിനെ കടന്നാക്രമിച്ച ജയ്സ്‍വാളായിരുന്നു കൂടുതല്‍ അപകടകാരി. യുവതാരത്തിന് മികച്ച പിന്തുണയാണ് ബട്‍ലര്‍ നല്‍കിയത്. പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 64 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. ഒടുവില്‍ പ്രതിസന്ധി ഘട്ടത്തില്‍ എപ്പോഴും ധോണിക്ക് തുണയേകാറുള്ള രവീന്ദ്ര ജഡേജ എത്തിയാണ് ചെന്നൈക്ക് മത്സരത്തിലെ ആദ്യ സന്തോഷം നല്‍കിയത്.21 പന്തില്‍ 27 റണ്‍സുമായി ബട്‍ലര്‍ മടങ്ങി. ദേവദത്ത് പടിക്കലിനെ പിന്നോട്ടിറക്കി നായകൻ സഞ്ജു സാംസണ്‍ ആണ് മൂന്നാമനായി എത്തിയത്. പതിവില്‍ നിന്ന് വിപരീതമായി സഞ്ജുവിനെ ഒരറ്റത്ത് നിര്‍ത്തി ജയ്സ്‍വാളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ജഡേജയെ ഫോറടിച്ച് സഞ്ജു ഒന്ന് മിന്നിയെങ്കിലും അധിക നേരം നീണ്ടില്ല. 17 പന്തില്‍ അത്രയും തന്നെ റണ്‍സെടുത്താണ് രാജസ്ഥാൻ ക്യാപ്റ്റൻ മടങ്ങിയത്. അതേ ഓവറില്‍ തന്നെ ജയ്സ്‍വാളിനെയും പുറത്താക്കി തുഷാര്‍ ദേശപാണ്ഡെ ഹോം ടീമിന് കനത്ത തിരിച്ചടിയേല്‍പ്പിച്ചു.
ഹെറ്റ്‍മെയറിനും ഇന്ന് കാര്യമായി ഒന്നും ചെയ്യാനായില്ല. 10 പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് ചേര്‍ത്തത്. ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന നിലയില്‍ പോയിരുന്ന രാജസ്ഥാൻ സ്കോര്‍ ബോര്‍ഡിന്‍റെ ചലനം ഇതോടെ പതുക്കെയായി. ദേവദത്ത് പടിക്കലും ധ്രുവ് ജുറലും അവസാന ഓവറുകളില്‍ നടത്തിയ കടന്നാക്രമണമാണ് ഒടുവില്‍ രാജസ്ഥാൻ രക്ഷയായത്. ജുറല്‍ വീണ്ടും മിന്നി കത്തിയെങ്കിലും ധോണിയുടെ മാസ്മരിക ത്രോയില്‍ റണ്‍ഔട്ടായി. ഇതോടെ 200 കടക്കാമെന്ന രാജസ്ഥാന്‍റെ പ്രതീക്ഷയും അകലുമെന്ന് കരുതിയെങ്കിലും ദേവദത്ത് 'പടിക്കല്‍' കലമുടച്ചില്ല.
സാംപ താളം
മറുപടി ബാറ്റിംഗില്‍ ഒട്ടും ആഗ്രഹിച്ച തുടക്കമായിരുന്നില്ല ചെന്നൈക്ക് ലഭിച്ചത്. പതിവില്ലാതെ വിധം ടച്ച് കിട്ടാതെ വിഷമിച്ച ഡെവോണ്‍ കോണ്‍വെ 16 പന്തില്‍ എട്ട് റണ്‍സുമായി തിരികെ കയറി. അജിൻക്യ രഹാനെയ്ക്കും ഇംപാക്ട് പ്ലെയറായി വന്ന അമ്പാടി റായിഡുവിനും കാലിടറിയപ്പോള്‍ 29 പന്തില്‍ 47 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്‍വാദ് ആണ് ചെന്നൈയുടെ സ്കോര്‍ ബോര്‍ഡിലെ റണ്‍സിലേറെയും ചേര്‍ത്തത്. ശിവം ദുബെയും മോയിൻ അലിയും ചേര്‍ന്നതോടെയാണ് ചെന്നൈക്ക് ജീവൻ വച്ചത്.
പക്ഷേ, ആറ് ഓവറില്‍ 90 റണ്‍സ് വേണമെന്ന നിലയിലേക്ക് അപ്പോഴേക്കും കാര്യങ്ങള്‍ എത്തിയിരുന്നു. ആക്രമണം നേരിട്ടെങ്കിലും അലിയെ പറഞ്ഞയച്ച് ആദം സാംപ വീണ്ടും രാജസ്ഥാന് ആശ്വാസം നല്‍കി. വമ്പൻ പേരുകാര്‍ കിതച്ചെടുത്ത് ശിവം ദുബെ ചെന്നൈയ്ക്ക് പ്രതീക്ഷകള്‍ നൽകി ഒരുവശത്ത് അടിച്ചുതകര്‍ത്തു. പക്ഷേ, ടീമിലെ വിജയത്തിലെത്തിക്കാൻ ദുബെയുടെ പേരാട്ടത്തിനും കഴിഞ്ഞില്ല.