നാവായിക്കുളം ഗവണ്‍മെന്റ് എച്ച്എസ്എസ് സാമൂഹ്യവിരുദ്ധര്‍ തല്ലി തകര്‍ത്തു; മന്ത്രി സ്‌കൂളിലെത്തി; കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

കഴിഞ്ഞദിവസം രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ തല്ലി തകര്‍ത്ത തിരുവനന്തപുരം നാവായിക്കുളം ഗവണ്‍മെന്റ് എച്ച്എസ്എസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെയാണ് മന്ത്രി വിദ്യാലയത്തില്‍ എത്തിയത്. സംസ്ഥാനത്തിന്റെ പൊതുസ്വത്താണ് നശിപ്പിച്ചിരിക്കുന്നത് എന്നും, പ്രതികളായവരെ എത്രയും വേഗം പിടികൂടാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ റെക്കോര്‍ഡിങ് സൗകര്യം ഉള്ള സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു

നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഉരുള്‍ഘോഷയാത്ര നടന്ന രാത്രിയിലാണ് സ്‌കൂളിനു നേരെ ആക്രമണം ഉണ്ടായത്. പ്രദേശവാസികള്‍ എല്ലാം ഉത്സവാഘോഷത്തില്‍ ആയിരുന്നതിനാല്‍ ആരും സ്‌കൂളില്‍ നിന്നുള്ള ശബ്ദങ്ങള്‍ ഒന്നും കേട്ടിരുന്നില്ല. സ്‌കൂളിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ മുഴുവനും നശിപ്പിച്ചു. ക്ലാസ് മുറികളും ജനലല ചില്ലുകളും തല്ലി തകര്‍ത്തു. സ്മാര്‍ട്ട് ക്ലാസ്സ് റൂമിലെ പ്രോജക്ടറുകള്‍ തല്ലിപ്പൊളിച്ച് കിണറ്റില്‍ എറിഞ്ഞ നിലയിലാണ്. ജല ശുദ്ധീകരണ ഉപകരണങ്ങളും ലൈറ്റുകളും അടിച്ചുപൊട്ടിച്ചു.

ഓടുമേഞ്ഞ കെട്ടിടത്തിന്റെ ഓട് മുഴുവന്‍ അടിച്ച് തകര്‍ത്തു ആസ്ബറ്റോസും തല്ലിപ്പൊട്ടിച്ചു. ടോയ്ലറ്റ് ബ്ലോക്കുകളും ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന ജലസംഭരണികളും, കുടിവെള്ള ടാപ്പുകളും പൂര്‍ണമായും അടിച്ച് തകര്‍ത്തു. അവധിക്കാലമായതിനാല്‍ സ്‌കൂളില്‍ സുരക്ഷജീവനക്കാരുടെ സേവനം ഇല്ലായിരുന്നു. വൈദ്യുതി ബന്ധം തകരാറിലാക്കിയ ശേഷമാണ് ആക്രമം നടത്തിയിട്ടുള്ളത് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.