നിർത്തിയിട്ട ഹിറ്റാച്ചിയിൽ നിന്നും ബാറ്ററി മോഷ്ടിച്ചു, മറ്റൊരാൾക്ക് മറിച്ച് വിറ്റു; 'ജാക്കി അഖിൽ' പിടിയിൽ

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ഹിറ്റാച്ചിയിൽ നിന്ന് ബാറ്ററി മോഷ്ടിച്ചു കടത്തിയ കേസിൽ ഒരാൾ പിടിയിൽ. വെള്ളറട നൂലിയത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഹിറ്റാച്ചിയിൽ നിന്നാണ് മോഷ്ടാക്കൾ ബാറ്ററി ഇളക്കി മാറ്റി കടത്തിയത്. വെള്ളറട കലുങ്ക് നട ശാന്തറ തലയ്ക്കൽ വീട്ടിൽ ജാക്കി എന്ന് വിളിക്കുന്ന അഖിൽ (26) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. 

മോഷ്ടിച്ച ബാറ്ററി മറ്റൊരു വ്യക്തിക്ക് പ്രതി വിറ്റിരുന്നു. പൊലീസ് ബാറ്ററി വിറ്റയാളില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. വെള്ളറട ഭാഗത്ത്‌ നടന്ന സമാനമായ മോഷണങ്ങൾക്ക് പിന്നിൽ ഇവരാണോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളിൽ ഒരാളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളറട പൊലീസ് ഇൻസ്‌പെക്ടർ മൃദുൽ കുമാർ, സബ് ഇൻസ്‌പെക്ടർ ആന്റണി ജോസഫ് നെറ്റോ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സനൽ, പ്രബുല്ല ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.