കടയ്ക്കാവൂരിൽ പതിമൂന്ന് വയസുള്ള മകനെ പീഡിപ്പിച്ചെന്ന് കള്ളക്കേസ്: അമ്മയെ കുടുക്കി ജയിലിലിട്ടു, പോലീസുകാർ കുടുങ്ങും

പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് നാല് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ കള്ളക്കേസ് എടുത്ത പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി. 37കാരിയെ 27 ദിവസമാണ് ജയിലിലടച്ചത്. സംഭവത്തിൽ യുവതിക്കെതിരെ കള്ളക്കേസെടുത്ത ഡി.വൈ.എസ്.പി എസ്.വൈ സുരേഷ്, ഇൻസ്‌പെക്ടർ ശിവകുമാർ, എസ്.ഐ വിനോദ് എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടിക്ക് മുന്നോടിയായുള്ള അന്വേഷണത്തിന് ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടത്.

2020 ഡിസംബറിൽ കടയ്ക്കാവൂർ പൊലീസെടുത്ത കേസ്, കുടുംബ വഴക്കിന്റെ പേരിൽ ഭർത്താവ് കെട്ടിച്ചമച്ചതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തുടർ നടപടികൾ വേണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഭർത്താവിന്റെ ഒത്താശയോടെയാണ് പോലീസ് ഉദ്യോഗസ്ഥർ യുവതിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയത്. ഐ.ജിയുടെ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പീഡനത്തിന് തെളിവില്ലാതായതോടെ, ഹൈക്കോടതിയാണ് അമ്മയ്ക്ക് ജാമ്യം നൽകിയത്. സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന പോലീസുകാർ അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി ഡി.ജി.പി കണ്ടെത്തി.

അതേസമയം, കേസില്‍ അമ്മയെ തിരുവനന്തപുരം പോക്‌സോ കോടതി കുറ്റവിമുക്തയാക്കിയിരുന്നു. കേസില്‍ കുറ്റാരോപിതയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന അന്വേഷണ റിപ്പോര്‍ട്ട് ശരിവെച്ചു കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. പതിമൂന്നുകാരനായ മകനെ അമ്മ മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്ന ആരോപണത്തെത്തുടര്‍ന്ന് 2020 ഡിസംബര്‍ 28നാണ് കുട്ടിയുടെ അമ്മയെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ പരാതിയിലായിരുന്നു നടപടി. അമ്മയെ കേസില്‍ കുടുക്കിയെന്ന ഇളയ കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പീഡനം നടന്നുവെന്ന അനിയന്റെ മൊഴി ശരിവച്ച് മൂത്ത സഹോദരനും രംഗത്തുവരുകയായിരുന്നു.