ശമ്പളം നൽകാത്തതിന് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി. പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സിഎംഡിക്ക് നിർദേശം നൽകിയിരുന്നെന്ന് ഗതാഗതമന്ത്രി അറിയിച്ചു. സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കിയത് സിഎംഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. വൈക്കത്ത് നിന്ന് പാലായിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. അതേസമയം, അഖില പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.അഖിലയ്‌ക്കെതിരായ നടപടി സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാം. ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.